സിദ്ദീഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ട്; ജാമ്യാപേക്ഷയെ വീണ്ടും എതിർത്ത് യു.പി സർക്കാർ സുപ്രീംകോടതിയിൽ

(www.kl14onlinenews.com)
(06-Sep -2022)

സിദ്ദീഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ട്; ജാമ്യാപേക്ഷയെ വീണ്ടും എതിർത്ത് യു.പി സർക്കാർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: യു.എ.പി.എ ചുമത്തി ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ഉത്തർ പ്രദേശ് സർക്കാർ. പോപ്പുലർ ഫ്രണ്ടിന് നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യു.പി. സർക്കാർ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസായി യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഹാഥറസിലേക്കുള്ള യാത്രയിൽ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രതിനിധിയായാണ് കാപ്പൻ പോയത്. യാത്രയുടെ മുഴുവൻ ചെലവുകളും വഹിച്ചത് പോപ്പുലർ ഫ്രണ്ട് ആണ്. ഹാഥറസിലേക്ക് സംഘടനയുടെ അംഗങ്ങൾക്കൊപ്പമാണ് കാപ്പൻ പോയത്.

പോപ്പുലർ ഫ്രണ്ടിന്‍റെ മുഖപത്രമായിരുന്ന തേജസ് പത്രത്തിലെ മാധ്യമപ്രവർത്തകനായി വിദേശത്ത് പ്രവർത്തിച്ചിട്ടുണ്ട്. അറസ്റ്റിലായപ്പോൾ കാപ്പന്‍റെ കൈവശം നാല് തിരിച്ചറിയൽ കാർഡുകൾ ഉണ്ടായിരുന്നു. കാപ്പന്‍റെ അക്കൗണ്ടിൽ എത്തിയ 45,000 രൂപ സംബന്ധിച്ച വിശദീകരണം കിട്ടിയില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം​ ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാകുന്നത്. 2020 ഒക്ടോബർ മുതൽ യു.പിയിലെ ജയിലിൽ കഴിയുന്ന അദ്ദേഹത്തിനെതിരെ യു.എ.പി.എക്കൊപ്പം ഇ.ഡി. കേസും ചുമത്തിയിരുന്നു.

കാപ്പൻ രണ്ടു വർഷത്തോളമായി യു.പിയിലെ ജയിലിലാണ്. അലഹബാദ് ഹൈകോടതിയുടെ ലഖ്നൗ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post