'ഐഎൻഎസ് വിക്രാന്ത്' രാജ്യത്തിന് സമർപ്പിച്ചു; പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയെന്ന് പ്രധാനമന്ത്രി

(www.kl14onlinenews.com)
(02-Sep -2022)

'ഐഎൻഎസ് വിക്രാന്ത്' രാജ്യത്തിന് സമർപ്പിച്ചു; പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയെന്ന് പ്രധാനമന്ത്രി
കൊച്ചി:
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചിൻ ഷിപ്പിയാർഡിൽവെച്ച് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഐഎൻഎസ് വിക്രാന്തിനെ കമ്മീഷൻ ചെയ്തത്. പ്രതിരോധ രംഗത്ത് ഇന്ത്യക്ക് വൻനേട്ടമാണ് ഐഎൻഎസ് വിക്രാന്ത്. ഏഷ്യയിൽ ചൈനയ്‌ക്കൊപ്പം വിമാന വാഹിനി കപ്പൽ സ്വന്തനമായി നിർമ്മിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുകയാണെന്ന് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമാണിത്. രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണ് വിക്രാന്തെന്നും സമുദ്ര മേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

വിക്രാന്തിന് പിന്നിൽ പ്രയത്‌നിച്ചവരെ എല്ലാം പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒരു ലക്ഷ്യവും അസാദ്ധ്യമാകില്ലെന്ന് വിക്രാന്ത് തെളിയിച്ചു. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും കേരളത്തിന്റെ പുണ്യഭൂമിയിൽ നിന്നും രാജ്യത്തിനായുള്ള നേട്ടമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. നാവിക സേനയ്ക്ക് ഇന്ന് മുതൽ പുതിയ പതാക ആയിരിക്കും. സ്വാതന്ത്യം ലഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് പതാക മാറ്റുന്നത്.

ഇന്ത്യയുടെ ചരിത്രത്തിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലാണിത്. ഇന്ത്യൻ നേവിയുടെ ഇൻ-ഹൗസ് വാർഷിപ്പ് ഡിസൈൻ ബ്യൂറോ (ഡബ്ല്യുഡിബി) രൂപകൽപ്പന ചെയ്തതും പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്യാർഡ് നിർമ്മിച്ചതും അത്യാധുനിക ഓട്ടോമേഷൻ സവിശേഷതകളോടെയാണ് വിക്രാന്ത് നിർമ്മിച്ചിരിക്കുന്നത്. 20,000 കോടിരൂപ ചെലവിലാണ് കപ്പലിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്.

1971ലെ യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യ യുദ്ധക്കപ്പലിന്റെ ഓർമ്മ നിലനിർത്തിയാണ് വിമാനവാഹിനിക്കപ്പലിന് പേര് വിക്രാന്ത് എന്ന നൽകിയിരിക്കുന്നത്. 1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലലാണ് ഐ എൻ എസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. പഴയ വിക്രാന്തിന്‍റെ സ്മരണയിലാണ് പുതുതായി നിർമിച്ച കപ്പലിനും അതേ പേര് നൽകിയത്.

രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും 100-ലധികം MSMEകളും ഉൾപ്പെടുന്ന ധാരാളം തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഒരുമിപ്പിച്ചാണ് വിമാനവാഹിനി പണിതീർത്തത്. വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതോടെr ഇന്ത്യയ്ക്ക് പ്രവർത്തനക്ഷമതയുള്ള രണ്ട് വിമാനവാഹിനിക്കപ്പലുകൾ ഉണ്ടാകും. ഇത് രാജ്യത്തിന്റെ സമുദ്രസുരക്ഷയെ ശക്തിപ്പെടുത്തും.

കപ്പലിൽ 2,300-ലധികം കമ്പാർട്ടുമെന്റുകളുണ്ട്, വനിതാ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളാൻ പ്രത്യേക ക്യാബിനുകൾ ഉൾപ്പെടെ 1700 ഓളം ആളുകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുണ്ട്. മണിക്കൂറിൽ ഏകദേശം 28 നോട്ടുകളുടെ ഉയർന്ന വേഗതയും 18 നോട്ടുകളുടെ ക്രൂയിസിംഗ് വേഗതയും വിക്രാന്തിനുണ്ട്. ഒറ്റയാത്രയിൽ 7,500 നോട്ടിക്കൽ മൈൽ യാത്ര ചെയ്യാൻ കഴിയും. വിമാനവാഹിനിക്കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുണ്ട്. 2009 ഫെബ്രുവരിയിലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.

നാവിക സേനയ്ക്ക് ഇനി പുതിയ പതാക: പ്രധാനമന്ത്രി പ്രകാശനം ചെയ്തു

നാവിക സേനയുടെ പുതിയ പതാക പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് നാവിക സേനയ്ക്ക് പുതിയ പതാക നിലവിൽ വന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി പുതിയ പതാക പ്രകാശനം ചെയ്തത്.

സെന്റ് ജോർജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവർണ്ണ പതാക പതിപ്പിച്ചതാണ് നാവിക സേനയുടെ പഴയ പതാക. ഛത്രപതി ശിവജിയുടെ മുദ്രയുള്ളതാണ് പുതിയ പതാക. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്. നാവിക സേനയുടെ പതാക.ുടെ അവസാനത്തെ പരിഷ്‌കരണമാകും ഇതെന്നാണ് റിപ്പോർട്ടുകൾ.

വെള്ളപതാകയിൽ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകൾ കൂട്ടിമുട്ടുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവിലെ പതാക. 2014ലാണ് ഈ പതാക നിലവിൽ വന്നത്. ചുവന്ന വരകൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സൂചനയാണ്. അതിനാൽ അവ ഒഴിവാക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. നേരത്തെ മറ്റ് സേനകളും ഇത്തരം ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിയിരുന്നു

Post a Comment

Previous Post Next Post