ചാമ്പ്യൻസ് ലീഗ്: ലിവർപൂളിനെ ഞെട്ടിച്ച് നാപോളി; ലെവൻഡോവ്സ്കിയുടെ ഹാട്രിക്കിൽ ബാഴ്സയ്ക്ക് വമ്പൻ ജയം

(www.kl14onlinenews.com)
(08-Sep -2022)

ചാമ്പ്യൻസ് ലീഗ്: ലിവർപൂളിനെ ഞെട്ടിച്ച് നാപോളി; ലെവൻഡോവ്സ്കിയുടെ ഹാട്രിക്കിൽ ബാഴ്സയ്ക്ക് വമ്പൻ ജയം
ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് വമ്പന്മാരെ ഇറ്റാലിയൻ ക്ലബ് നാപ്പോളിയാണ് തകർത്തത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നാപ്പോളിയുടെ ജയം. നാപ്പോളിക്കായി പീറ്റർ സിലിൻസ്കി ഇരട്ട​ഗോൾ നേടി. ആന്ദ്രേ അംഗ്വീസ, ജിയോവനി സിമിയോണി എന്നിവരും നാപ്പോളിയുടെ ഗോൾ പട്ടികയിൽ ഇടം നേടി. ലൂയിസ് ഡയസ് ആണ് ലിവർപൂളിൻ്റെ ആശ്വാ ഗോൾ നേടിയത്.

ഗ്രൂപ്പ് സിയിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ചെക്ക് ഫുട്ബോൾ ക്ലബ് വിക്ടോറിയ പ്ലാസനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു. ബാഴ്സയുടെ തട്ടകമായ ക്യാമ്പ് ന്യൂവിൽ നടന്ന മത്സരത്തിൽ പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻ‍ഡോവ്സ്കി ഹാട്രിക്ക് നേടി. ഫ്രാങ്ക് കെസിയെ, ഫെറാൻ ടോറസ് എന്നിവരും ബാഴ്സയ്ക്കായി സ്കോർ ചെയ്തു. യാൻ സൈക്കോറയാണ് വിക്ടോറിയ പ്ലാസന്റെ ആശ്വാസ​ഗോൾ നേടിയത്. തകർപ്പൻ പ്രകടനത്തിൻ്റെ മികവിൽ റോബർട്ട് ലെവൻഡോവ്സ്കി അപൂർവ റെക്കോർഡും കുറിച്ചു. ചാമ്പ്യൻസ് ലീ​​ഗിൽ മൂന്ന് ക്ലബുകൾക്ക് വേണ്ടി ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ലെവൻഡോവ്സ്കി സ്വന്തമാക്കിയത്. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടിയായിരുന്നു ലെവൻഡോവ്സ്കിയുടെ ആദ്യ ചാമ്പ്യൻസ് ലീ​ഗ് ഹാട്രിക്ക്. പിന്നീട് ജർമൻ ക്ലബ് തന്നെയായ ബയേൺ മ്യൂണിച്ചിനായും ലെവ ഹാട്രിക്ക് നേട്ടം കൈവരിച്ചു.

ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്ക് ഇൻ്റർ മിലാനെ കീഴടക്കി. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബയേണിൻ്റെ ജയം. ലീറോയ് സാനെ ബയേണിനായി ഒരു ഗോൾ നേടിയപ്പോൾ ഒരു സെൽഫ് ഗോളും അവരെ തുണച്ചു. ഗ്രൂപ്പ് ഡിയിൽ ടോട്ടനം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഴ്സയെ കെട്ടുകെട്ടിച്ചു. റിച്ചാർലിസൺ ആണ് രണ്ട് ഗോളുകളും നേടിയത്. 90 മിനിട്ടും ഗോൾ പിറക്കാതെ നിന്ന ശേഷം ഇഞ്ചുറി ടൈമിൽ മൂന്ന് ഗോൾ പിറന്ന ഗ്രൂപ്പ് ബിയിലെ ആവേശപ്പോരിൽ അത്‌ലറ്റികോ മാഡ്രിഡ് പോർട്ടോയെ മറികടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മാഡ്രിഡിൻ്റെ ജയം. മരിയോ ഹെർമോസോ, അന്റോയിൻ ​ഗ്രീസ്മെൻ എന്നിവർ മാഡ്രിഡിനായി ഗോൾ നേടിയപ്പോൾ ഏക​മത്യാസ് യൂറിബെ ആണ് പോർട്ടോയ്ക്കായി ഗോൾ നേടിയത്.

Post a Comment

أحدث أقدم