(www.kl14onlinenews.com)
(02-Sep -2022)
ദേശീയപാതക്കായി മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിൽ കരാറുകാർക്കെതിരെ വനം വകുപ്പ് കേസെടുക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.
മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് ഇന്ന് പ്രദേശവാസികളിൽ നിന്നും മൊഴിയെടുക്കും.
ദേശീയപാതയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡരികിലെ മരങ്ങൾ മുറിക്കുന്നതിനിടെയാണ് സംഭവം. മരം മുറിക്കുന്നതോടെ പക്ഷികൾ ചത്തു വീഴുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് വനംവകുപ്പിന്റെ നടപടി.
തള്ളിയിട്ട മരങ്ങൾക്കൊപ്പം താഴേയ്ക്ക് വീണത് നിരവധി പക്ഷിക്കുഞ്ഞുങ്ങളായിരുന്നു. രണ്ട് മൂന്ന് പ്രാവശ്യം ജെസിബി ഉപയോഗിച്ച് കുലുക്കിയാണ് മരം തള്ളിയിട്ടത്. കൂടുകൾ മാറ്റാതെ മരങ്ങൾ വെട്ടിമുറിച്ചതാണ് പക്ഷികൾ കൂടുകൾക്കൊപ്പം താഴെ വീഴാൻ കാരണം.
Post a Comment