(www.kl14onlinenews.com)
(07-Sep -2022)
കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും കാലിക്കറ്റ് സർവകലാശാല ഡോക്‌ടറേറ്റ്; ഇടതിൽ ഭിന്നത; തീരുമാനം സെർച്ച് കമ്മിറ്റിക്ക്
മലപ്പുറം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി.ലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ (Calicut University) സിന്‍ഡിക്കേറ്റില്‍ പ്രമേയം. ഇടത് അനുകൂലിയായ സിന്‍ഡിക്കേറ്റംഗം ഇ അബ്ദുറഹീമാണ് കഴിഞ്ഞദിവസം പ്രമേയം അവതരിപ്പിച്ചത്. വൈസ് ചാന്‍സലറുടെ അനുവാദത്തോടെയായിരുന്നു ഇത്. എന്നാല്‍, പ്രമേയം അംഗീകരിക്കുന്നത് സംബന്ധിച്ച് ഇടതുപക്ഷ അംഗങ്ങള്‍ക്കിടയില്‍ത്തന്നെ ഭിന്നതയുണ്ടായി.
സമൂഹത്തിനാകെ പ്രയോജനപ്പെടുംവിധം വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് ഇരുവരുമെന്ന് പ്രമേയത്തില്‍ പറയുന്നു. മറ്റു രാജ്യങ്ങളുമായി ആശയവിനിമയം നടത്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പുതുതലമുറ കോഴ്സുകള്‍ കേരളത്തിന്റെ വിദ്യാർത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി ഇന്നും ഈ മേഖലയില്‍ സജീവമാണ് വെള്ളാപ്പള്ളി നടേശന്‍.
ഇരുവരുടെയും പ്രൊഫൈലുകള്‍ ഡി.ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
എന്നാല്‍, പ്രമേയം പിന്‍വലിക്കണമെന്ന് ഒരുവിഭാഗം സിന്‍ഡിക്കേറ്റംഗങ്ങള്‍ ആവശ്യപ്പെട്ടു. വി സിയുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് അബ്ദുറഹീമും ആവശ്യപ്പെട്ടു. ഭിന്നതയെത്തുടര്‍ന്ന് ഡി.ലിറ്റ് നല്‍കാനുള്ളവരെ കണ്ടെത്താന്‍ രൂപീകരിച്ച ഉപസമിതിയുടെ പരിഗണനയ്ക്കായി പ്രമേയം കൈമാറാന്‍ തീരുമാനിച്ചു. ഡോ. വിജയരാഘവന്‍, ഡോ. വിനോദ്കുമാര്‍, ഡോ. റഷീദ് അഹമ്മദ് എന്നിവരടങ്ങുന്നതാണ് ഉപസമിതി
കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വി സി ഡോ.എം. അബ്ദുല്‍ സലാമിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ കാണാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ അറിയിപ്പ് പരിഗണിച്ചാണ് തിങ്കളാഴ്ചത്തെ സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് 2020ലാണ് സിന്‍ഡിക്കേറ്റ് സര്‍ക്കാറിന് കത്ത് നല്‍കിയത്. പരിശോധനയില്‍ വി സിക്കെതിരേ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ തീരുമാനം ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ സര്‍വകലാശാലാ രജിസ്ട്രാറെ കഴിഞ്ഞ മാസം അറിയിച്ചു. സലാം നിയമവിരുദ്ധമായി നിയമനവും സാമ്പത്തിക ഇടപാടും നടത്തിയെന്ന പരാതിയില്‍ അന്വേഷണം വേണമെന്നാണ് സിന്‍ഡിക്കേറ്റ് നിലപാട്. 2011 ഓഗസ്റ്റ് 12-നും 2015 ഫെബ്രുവരി 28-നും ഇടയില്‍ ഇദ്ദേഹം അഴിമതി നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല സര്‍ക്കാരിനെ സമീപിച്ചത്.
Post a Comment