ഭാരത് ജോഡോ യാത്രയിൽ ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രമില്ല; ഫോണില്‍ പൂരതെറി

(www.kl14onlinenews.com)
(15-Sep -2022)

ഭാരത് ജോഡോ യാത്രയിൽ ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രമില്ല; ഫോണില്‍ പൂരതെറി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. യാത്രയെ ചൊല്ലി നിരവധി ആരോപണ-പ്രത്യാരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. രാഷ്ട്രീയ എതിര്‍ ചേരിയിലുള്ളവരുടെ ആരോപണ ശരങ്ങള്‍ക്ക് കണക്കിന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുകയാണ്. ഇതിനിടെ നിരവധി വിഷയങ്ങള്‍ സ്വന്തം പാളയത്തില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് നേരിടേണ്ടതായി വരുന്നുണ്ട്. അതിലൊടുവിലത്തേതാണ് യാത്രയുടെ ഭാഗമായി തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ മൂര്‍ച്ഛിക്കുന്ന തര്‍ക്കം.

രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കളെ ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം വച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയെന്നാണ് ഉയരുന്ന ആക്ഷേപം. വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ച ആളും സംഘാടകനും തമ്മില്‍ തര്‍ക്കവും തെറിവിളിയുമുണ്ടായി. ഇതിന്റെ ശബ്ദരേഖയും സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നുണ്ട്. അഡ്വ. റെജി തോമസും കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ ചെന്നൈയില്‍നിന്ന് വിളിച്ച അജിത് എന്നയാളും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.

പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സംഭാവന ചെയ്യാന്‍ താത്പര്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന വ്യാജേനയായിരുന്നു വിളി. എന്നാല്‍ വൈകാതെ ടോണ്‍ മാറി. ഗ്രൂപ്പ് വൈര്യവും സ്വാഗത സംഘ രൂപീകരണത്തില്‍ തുടങ്ങിയ തര്‍ക്കവും മറനീക്കി പുറത്തുവന്നതോടെ ഇരുവരും തമ്മില്‍ തെറിവിളിയാണ് പിന്നീടുണ്ടായത്. ഭാരത് ജോഡോ യാത്രയുടെ ശോഭകെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.

കഴിഞ്ഞയാഴ്ചയാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍നിന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തിയ യാത്ര പുരോഗമിക്കുകയാണ്. പതിനെട്ടു ദിവസമാണ് കേരളത്തില്‍ പദയാത്ര ഉണ്ടാവുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാനപാത വഴിയുമായിരിക്കും പദയാത്ര. ഇതര ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ ഏഴുമുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് യാത്രയുടെ സമയക്രമം.

ഭാരത് ജോഡോ യാത്രയില്‍ 300 പദയാത്രികരാണുള്ളത്. കെ.പി.സി.സി ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പാര്‍ട്ടി ജില്ല കേന്ദ്രങ്ങളില്‍ സ്വാഗതസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. യാത്ര പ്രവര്‍ത്തനങ്ങളുടെ ഏകോപനം, രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തേണ്ടവരുടെ പട്ടിക തയാറാക്കല്‍, പ്രോഗ്രാമുകള്‍, ഭക്ഷണം, താമസം എന്നിവ ക്രമീകരിക്കല്‍, പ്രചാരണം, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ അടുക്കുംചിട്ടയുമായി യാത്രയെ മുന്നോട്ടുനയിക്കല്‍, പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തല്‍, നിയമപരമായ തടസ്സങ്ങള്‍ പരിഹരിക്കല്‍ എന്നിവക്കായി കെ.പി.സി.സി ഉപസമിതികളുമുണ്ട്.

കേരളത്തിലെ യാത്ര ഇങ്ങനെ:

തിരുവനന്തപുരം -സെപ്റ്റംബര്‍ 12,13,14.

കൊല്ലം -14, 15, 16. ആലപ്പുഴ -17, 18, 19, 20

എറണാകുളം -21, 22. തൃശൂര്‍ -23, 24, 25

പാലക്കാട് -26, 27. മലപ്പുറം -28, 29.

ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ബാലാവകാശ കമ്മിഷന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഭാരത് ജോഡോ യാത്രയിലെ പല ദൃശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുമെന്നും ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന് പിറകിലെന്നും ബാലാവകാശ കമ്മിഷന്‍ ആരോപിച്ചു. വിഷയത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും കേന്ദ്ര ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയെ വരവേല്‍ക്കാനായി മുഖംമിനുക്കി പണി വാങ്ങിക്കൂട്ടിയ തൃശൂര്‍ ഡിസിസി ഓഫീസും ഇന്നലെ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് കാവി പെയിന്റടിച്ചതാണ് കോണ്‍ഗ്രസിന് തലവേദനയായത്. ഓഫീസ് സമുച്ചയത്തിന് ത്രിവര്‍ണ പതാകയുടെ നിറം അടിക്കാനായിരുന്നു നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പട്ടിരുന്നത്. എന്നാല്‍ അടിച്ചു വന്നപ്പോള്‍ കാവിയും പച്ചയും നിറത്തിലായി മാറി ഓഫീസ്. പെയിന്റുപണി തീര്‍ന്നപ്പോള്‍ ഡിസിസി ഓഫീസ്, ബിജെപി ഓഫീസായി തോന്നിപ്പിക്കുന്ന വിധത്തിലായി കാര്യങ്ങള്‍.

സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ, വ്യാപക വിമര്‍ശനമാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പെയിന്റടി തീര്‍ന്നത്. തൊഴിലാളികള്‍ക്ക് അബദ്ധം പറ്റിയെന്ന് വിശദീകരിച്ച നേതൃത്വം നിറം മാറ്റിയടിക്കാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന്, നേരത്തെ കാവി നിറം കൊടുത്ത ഇടങ്ങളില്‍ പച്ചയ്ക്ക് പ്രാമുഖ്യം നല്‍കികൊണ്ടാണ് പെയിന്റടിച്ചു തീര്‍ത്തത്.

പെയിന്റിങ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂരിലെത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസിന്റെ മുഖംമിനുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതൊരു വലിയ അമളിയിലേക്കാണ് കാര്യങ്ങളെത്തിച്ചത്. ഭാരത് ജോഡോ യാത്രയെ സ്വീകരിക്കുന്നതിന് തൃശൂരില്‍ വലിയ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്നത്.

Post a Comment

Previous Post Next Post