സ്‌കൂള്‍ ബസില്‍ നിന്ന് നാലുവയസ്സുകാരി തെറിച്ചു വീണ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു

(www.kl14onlinenews.com)
(04-Sep -2022)

സ്‌കൂള്‍ ബസില്‍ നിന്ന് നാലുവയസ്സുകാരി തെറിച്ചു വീണ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു
ആലുവ: പേങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് പബ്ലിക് സ്‌കൂളിന്റെ ബസില്‍ നിന്ന് കുട്ടി തെറിച്ചു വീണ സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ബസ് ഡ്രൈവറായ ആലുവ നാലാം മൈല്‍ പാറേക്കാട്ടില്‍ വീട്ടില്‍ അനീഷിന്റെ (46) ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ഒരു മാസത്തേക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. കാക്കനാട് നടക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ലൈസന്‍സിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയുള്ളൂ.
അപകടമുണ്ടാക്കിയ ബസിന്റെ ഫിറ്റ്‌നസ് നേരത്തെ റദ്ദാക്കിയിരുന്നു. അപകടമുണ്ടായ ബസില്‍ വാഹന നിര്‍മ്മാണ കമ്പനി എമര്‍ജന്‍സി വാതിലിന്റെ ലോക്കിന്റെ മുന്നില്‍ ഘടിപ്പിച്ചിരുന്ന സുരക്ഷാ ഗ്ലാസ് ഷീല്‍ഡ് നഷ്ടപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ തകരാറുകള്‍ പരിഹരിച്ച് വീണ്ടും ടെസ്റ്റ് നടത്തിയാല്‍ മാത്രമേ ബസിന് ഫിറ്റ്‌നസ് നല്‍കുകയുള്ളൂ. ഇത് കൂടാതെ പരിശോധനയില്‍ സ്‌കൂളിലെ മറ്റ് ആറ് ബസുകള്‍ക്കു കൂടി തകരാറുകള്‍ കണ്ടത്തിയിട്ടുണ്ട്. ഇവയും തകരാര്‍ പരിഹരിച്ച് ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രാഥമികാന്വേഷണത്തില്‍ തന്നെ ഡ്രൈവര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വീഴച പറ്റിയിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. സിബിഎസ്ഇ സ്‌കൂള്‍ ആയതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് സ്‌കൂളിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല.

Post a Comment

Previous Post Next Post