പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരുടെ അറസ്റ്റ്; ഉന്നതരുടെ യോ​ഗം വിളിച്ച് അമിത് ഷാ

(www.kl14onlinenews.com)
(22-Sep -2022)

പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരുടെ അറസ്റ്റ്; ഉന്നതരുടെ യോ​ഗം വിളിച്ച് അമിത് ഷാ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെ പിന്നാലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചു ചേർത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടങ്ങിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിനെക്കുറിച്ചും തീവ്രവാദികൾക്കെതിരെയുള്ള നടപടികളെക്കുറിച്ചും ചർച്ച ചെയ്തതായാണ് വിവരം. രാജ്യത്തുടനീളമുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർക്കെതിരെയുളള നടപടികളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി വിലയിരുത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്തു.
അജിത് ഡോവലിനെ കൂടാതെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടർ ജനറൽ ദിനകർ ഗുപ്ത എന്നിവരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു. ഇഡി നടത്തിയ റെയ്ഡിൽ 22 പേരെയാണ് കസ്റ്റഡിയിലെടുത്തത്. റെയ്ഡ് വിവരം ഉന്നത ഉദ്യോഗസ്ഥര്‍ അമിത് ഷായ്ക്ക് നൽകി. അമിത് ഷാ റെയ്ഡ് വിവരങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇഡി കസ്റ്റഡിയിലെടുത്ത 22 പേരില്‍ എട്ട് പേരുടെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തിയിരുന്നു. പിന്നാലെ കസ്റ്റഡിയില്‍ എടുത്ത 14 നേതാക്കളുടെ അറസ്റ്റ് കൂടി എന്‍ഐഎ രേഖപ്പെടുത്തിയിരുന്നു. പിഎഫ്‌ഐ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നറുദ്ദീന്‍ എളമരം എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. റെയ്ഡിന് 22ല്‍ 13 പേരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. മറ്റുള്ളവരെ ഇതിനോടകം ഡല്‍ഹിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ സംഘത്തെയും കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകളിൽ 11 സംസ്ഥാനങ്ങളിൽ നിന്നായി 106 പിഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്. കേരളം (22) മഹാരാഷ്ട്രയിലും കർണാടകത്തിലും (20 വീതം), തമിഴ്‌നാട് (10), അസം (9), ഉത്തർപ്രദേശ് (8), ആന്ധ്രാപ്രദേശ് (5), മധ്യപ്രദേശ് (4) എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ അറസ്റ്റുണ്ടായത്. പുതുച്ചേരിയും ഡൽഹിയും (3 വീതം), രാജസ്ഥാൻ (2) പിഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ കേരളത്തില്‍ പോപ്പുലർ ഫ്രണ്ട് ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post