(www.kl14onlinenews.com)
(01-Sep -2022)
കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് ടൂറിസം വകുപ്പിന്റെ അനുമതി. പദ്ധതിക്ക് എല്ലാവിധ സഹായവും ടൂറിസം വകുപ്പ് നൽകുമെന്നും നടത്തിപ്പിനായി പ്രത്യേക സഹായം നൽകുന്നത് പരിഗണനയിലാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ നടപ്പാക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ച സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ സബ്മിഷന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ സ്ഥാനം ലഭിച്ച ബേക്കല്‍ ടൂറിസം പദ്ധതിയെ കൂടുതല്‍ ഉന്നതിയില്‍ എത്തിക്കുന്നതിനും സ്വദേശീയരും വിദേശീയരുമായ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും എല്ലാവര്‍ഷവും ഒരാഴ്ചനീളുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ നടപ്പാക്കണമെന്ന പദ്ധതി റിപ്പോർട്ടാണ് എം.എൽ.എ ടൂറിസം വകുപ്പിന് സമർപ്പിച്ചത്.
ബേക്കല്‍ ടൂറിസത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ടൂറിസം വകുപ്പിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. ബേക്കൽ റിസോർട്സ് വികസന കോർപറേഷൻ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, മറ്റു വകുപ്പുകള്‍ എന്നിവയെ യോജിപ്പിച്ചാവും പരിപാടിയുടെ സംഘാടനം. പ്രാദേശികമായ സംഘാടനമാണ് ഫെസ്റ്റിന് ഏറെ ഗുണകരമാവുകയെന്നും മന്ത്രി വിശദീകരിച്ചു. സിനിമ രംഗങ്ങളിലൂടെ പ്രചാരണം നേടിയ സ്ഥലമാണ് ബേക്കല്‍ കോട്ട. ഫിലിം ടൂറിസത്തിന്റെ പുതിയ സാധ്യതകള്‍ പരിശോധിക്കുകയാണ് അവിടം.
ഇതിന്റെ ഭാഗമായി എ.ആര്. റഹ്മാന്, മണിരത്നം, അരവിന്ദ് സ്വാമി തുടങ്ങിയവരെ ബേക്കലിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്.
ബോംബെ സിനിമയുടെ സംവിധായകനായിരുന്ന മണിരത്നവുമായി സംസാരിച്ചിരുന്നു. പഴയ ടീമുമായി എത്താമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post a Comment