ചെന്നിത്തല പള്ളിയോടം മറിഞ്ഞു; രണ്ട് മരണം, ഒരാള്‍ക്കായി തിരച്ചില്‍

(www.kl14onlinenews.com)
(10-Sep -2022)

ചെന്നിത്തല പള്ളിയോടം മറിഞ്ഞു; രണ്ട് മരണം, ഒരാള്‍ക്കായി തിരച്ചില്‍
ചെന്നിത്തല:
ആറന്മുള ഉതൃട്ടാതി വള്ളംകളിക്കായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടം മറിഞ്ഞ് രണ്ട് മരണം. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന്‍ ആദിത്യന്‍, ചെറുകോല്‍ സ്വദേശി വിനീഷ് എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെ അച്ചന്‍കോവിലാറ്റിലെ വലിയ പെരുംമ്പുഴ കടവിലായിരുന്നു അപകടം.

ഫയര്‍ഫോഴ്‌സ് സംഘവും സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാര്‍ഥിയായ ആദിത്യന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ല. ചെന്നിത്തല സ്വദേശി രാകേഷിനെയാണ് ഇനി കണ്ടെത്താനുള്ളത്.

സംഭവം നടക്കുമ്പോള്‍ പള്ളിയോടത്തില്‍ അമിതമായി ആളുകള്‍ കയറിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ അമ്പതിലേറെ പേര്‍ പള്ളിയോടത്തിലുണ്ടായിരുന്നു. രമേശ് ചെന്നിത്തല, സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ആറന്മുള വള്ളംകളിക്ക് അച്ചന്‍കോവിലാറ്റില്‍ നിന്ന് തുഴഞ്ഞെത്തുന്ന ഏക പള്ളിയോടമാണ് ചെന്നിത്തല. പടിഞ്ഞാറ് നിന്ന് 85 കിലോമീറ്ററോളം തുഴഞ്ഞ് മൂന്ന് നദികള്‍ കടന്നാണ് യാത്ര. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് പിന്നാലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതും അടിയൊഴുക്കും വെല്ലുവിളിയായെന്നാണ് വിലയിരുത്തല്‍. കൂടാതെ പള്ളിയോടത്തില്‍ അമിതമായി ആളു കയറിയെന്നും വിവരമുണ്ട്.

Post a Comment

Previous Post Next Post