(www.kl14onlinenews.com)
(04-Sep -2022)
കാസർകോട്: മഞ്ചേശ്വരം-കാസർകോട് ദേശീയപാത വികസനത്തിൽ ഒമ്പത് അടിപ്പാതകൾ കൂടി പരിഗണിച്ചേക്കും.ഈ പാതയിൽ വ്യാപാരികളുടെയും നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് കൂടുതൽ അടിപ്പാതകൾ നിർമിക്കുക.ഇത്രയും അടിപ്പാതകൾ അധികമായി ചേർക്കുന്നതോടെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന യാത്രാപ്രശ്നങ്ങൾക്ക് കുറച്ചുകൂടി പരിഹാരമാകും.
അടിപ്പാതകൾക്കായി 18 നിവേദനങ്ങളാണ് ദേശീയപാത അതോറിറ്റിക്ക് ലഭിച്ചത്.ഇതിൽനിന്നാണ് ന്യായമെന്ന് തോന്നിയ ഒമ്പത് എണ്ണം തിരഞ്ഞെടുത്തത്. പത്ത് എണ്ണമാണ് നേരത്തേ തീരുമാനിച്ചത്. ഇവയുടെ പ്രവൃത്തി പുരോഗമിച്ചു വരുകയാണ്. അടിപ്പാതകളും മേൽപാലങ്ങളും വേണമെന്നാവശ്യപ്പെട്ട് നായൻമാർമൂല, മഞ്ചേശ്വരം, മൊഗ്രാൽ പുത്തൂർ മേഖലയിൽ നിന്നും അതോറിറ്റിയെ സമീപിച്ചിരുന്നു.
കറന്തക്കാട് നുള്ളിപ്പാടി മേൽപാലം പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്.1.30 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപാലത്തിനു 30 തൂണുകളാണുള്ളത്.ഒമ്പതു തൂണുകൾ പൂർത്തിയാകുകയാണ്. 2023ഓടെ മേൽപാലം പ്രവൃത്തി പൂർത്തിയാകുമെന്ന് കരാറുകാർ അറിയിച്ചു. 2024 ലാണ് ദേശീയപാത വികസനം പൂർത്തിയാകുക.
إرسال تعليق