സ്‌കൂള്‍ ബസിനുള്ളില്‍ നാലുവയസുകാരി മരിച്ച സംഭവം; ഖത്തറില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

(www.kl14onlinenews.com)
(14-Sep -2022)

സ്‌കൂള്‍ ബസിനുള്ളില്‍ നാലുവയസുകാരി മരിച്ച സംഭവം; ഖത്തറില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. അല്‍വക്കറയിലെ സ്പ്രിങ്ഫീല്‍ഡ്‌സ് കിന്‍ഡര്‍ ഗാര്‍ഡന്‍ ആണ് അടപ്പിച്ചത്. വീഴ്ച വരുത്തിയ സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രാലയത്തിന്റെ നടപടി.
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ്- സൗമ്യ ദമ്പതികളുടെ മകള്‍ മിര്‍സ മറിയം ജേക്കബിന്റെ (4) ജീവനായിരുന്നു സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയില്‍ നഷ്ടമായത്. അല്‍ വഖ്റയിലെ സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ഡണിലെ കെജി 1 വിദ്യാര്‍ത്ഥിനിയാണ് മിന്‍സ. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസിനുള്ളില്‍ ഉറങ്ങിപ്പോവുകയായിരുന്നു. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു പോവുകയും ചെയ്തു. ബസിനുളളിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം.
ഉച്ചയ്ക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ ബസ് എടുക്കാനെത്തിയപ്പോഴാണ് കുട്ടിയെ കാണുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

Post a Comment

أحدث أقدم