(www.kl14onlinenews.com)
(01-Sep -2022)
ദോഹ: ദീർഘകാലത്തിനു ശേഷം, എല്ലാവിഭാഗം യാത്രക്കാർക്കും ഹോട്ടൽ ക്വാറന്‍റീൻ ഒഴിവാക്കി ഖത്തർ. താമസക്കാരും, സന്ദർശക വിസയിലെത്തുന്നവരും ഉൾപ്പെടെ ആർക്കും ഇനി ഹോട്ടൽ ക്വാറന്‍റീൻ ആവശ്യമില്ലെന്ന് യാത്രാ നയത്തിൽ ഭേദഗതി വരുത്തികൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബർ നാല് ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ നിർദേശങ്ങൾ പ്രാബല്ല്യത്തിൽ വരും. അതേസമയം, കോവിഡ് പരിശോധനയിൽ പോസിറ്റീവാകുന്നവർ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് ക്വാറൻറീനിൽ കഴിയണമെന്ന് നിർദേശിച്ചു.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന റെഡ് ഹെൽത്ത് രാജ്യങ്ങൾ എന്ന പട്ടിക ഇനി മുതൽ നിലവിൽ ഉണ്ടാവില്ല.പൗരന്മാരും താമസക്കാരും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ പി.എച്ച്.സി.സികളിൽ നിന്നോ, അംഗീകൃത മെഡിക്കൽ സെന്‍ററിൽ നിന്നോ റാപിഡ് ആന്‍റിജൻ പരിശോധനക്ക് വിധേയരാവണം.
സന്ദർശകർ ഖത്തറിലേക്ക് പുറപ്പെടും മുമ്പ് പി.സി.ആർ അല്ലെങ്കിൽ റാപിഡ് ആന്‍റിജൻ പരിശോധനക്ക് വിധേയരാവണം. പി.സി.ആർ ആണെങ്കിൽ 48 മണിക്കൂറിനും, റാപിഡ് ആന്‍റിജൻ 24 മണിക്കൂറിനുള്ളിലും ആയിരിക്കണം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് സന്ദർശനത്തിനെത്തുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഹോട്ടൽ ക്വാറന്‍റീൻ ഒഴിവാക്കിയ തീരുമാനം. ഒരു ദിവസമാണ് നിലവിലെ ഹോട്ടൽ ക്വാറൻറീൻ. താമസക്കാർ ക്വാറന്‍റീൻ ഇല്ലാതെയാണ് രാജ്യത്ത് പ്രവേശിക്കുന്നത്.
إرسال تعليق