ഓണം ബമ്പർ വിൽപന 200 കോടി രൂപ കവിഞ്ഞു,വിറ്റഴിഞ്ഞത് 41.55 ലക്ഷം ടിക്കറ്റുകള്‍

(www.kl14onlinenews.com)
(08-Sep -2022)

ഓണം ബമ്പർ വിൽപന 200 കോടി രൂപ കവിഞ്ഞു,
വിറ്റഴിഞ്ഞത് 41.55 ലക്ഷം ടിക്കറ്റുകള്‍

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ വിൽപന 200 കോട‍ി കവിഞ്ഞു. ഇന്നലെ വൈകിട്ടോടെ 41.55 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. സെപ്റ്റംബർ 18 ന് നറുക്കെടുപ്പ് നടക്കുന്നത് വരെ വിൽപ്പന തുടരും. റെക്കോർഡ് വിൽപ്പനയാണ് ഇക്കുറി ഓണം ബമ്പർ നേടിയിരിക്കുന്നത്.

കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 300 രൂപയായിരുന്ന ബമ്പറിന് ഇക്കുറി 500 രൂപയാക്കിയെങ്കിലും വിൽപ്പനയിൽ കുറവ് വന്നില്ല. ഇതിനകം ടിക്കറ്റ് വിൽപ്പനയിൽ ഈ വർഷത്തെ വിറ്റുവരവും ലോട്ടറി വകുപ്പിന്റെ അറ്റാദായവും 2021 ലെ കണക്കുകൾ മറികടന്നു.

ഒരാഴ്ച്ചക്കുള്ളിൽ തന്നെ റെക്കോർഡ് വിൽപനയായിരുന്നു ഇക്കുറി ഓണം ബമ്പറിന്. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളിൽ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. തുടക്കത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാ‍നാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം.

ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പർ എന്ന പ്രത്യേകതയുമുണ്ട്. 10 സീരീസുക‍ളിലാണ് ടിക്കറ്റുകൾ. 25 കോടിയാണ് ഓണം ബമ്പർ ഒന്നാം സമ്മാനം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ്.

തിരുവോണം ബമ്പർ 2022 ന്റെ സമ്മാനതുകയും ടിക്കറ്റിന്റെ വിലയും വർധിപ്പിക്കാൻ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ നൂറ് ശതമാനത്തിൽ അധികം സമ്മാനതുകയും 70 ശതമാനത്തോളം ടിക്കറ്റിന്റെ വില വർധിപ്പിക്കാനുമായിരുന്നു ലോട്ടറി വകുപ്പ് സർക്കാരിന് ശുപാർശ നൽകിയത്.

Post a Comment

Previous Post Next Post