ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

(www.kl14onlinenews.com)
(20-Sep -2022)

ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
മൊഹാലി:
ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. മൊഹാലിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.

മൊഹാലിയിലാണ് കളിയെങ്കിലും രോഹിത് ശർമ്മയുടെയും ആരോൺ ഫിഞ്ചിന്‍റേയും മനസ് അടുത്തമാസം തുടങ്ങുന്ന ട്വന്‍റി 20 ലോകകപ്പിലാണ്. ലോകകപ്പിന് മുമ്പ് ടീമിലെ കുറ്റവും കുറവും കണ്ടെത്താനും പരിഹാരിക്കാനുമുളള അവസരമാണ് ഇന്ന് തുടങ്ങുന്ന പരമ്പര. ഏഷ്യാ കപ്പിലെ തിരിച്ചടികളിൽ നിന്ന് കരകയറാനിറങ്ങുന്ന ഇന്ത്യക്ക് വിരാട് കോലി സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചതും പേസർമാരായ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും പരിക്ക് മാറി തിരിച്ചെത്തിയതും കരുത്താവും. ട്വന്‍റി 20യിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കിനെ പരിഗണിക്കുന്നത് മാറ്റിനിർത്തിയാൽ ഇന്ത്യന്‍ നിരയില്‍ മറ്റു പരീക്ഷണങ്ങൾക്ക് സാധ്യതയില്ല.

ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചിന്‍റെ മങ്ങിയ ഫോമും സ്റ്റീവ് സ്മിത്തിന്‍റെ കുറഞ്ഞ സ്ട്രൈക്ക് റേറ്റുമാണ് ഓസീസിന്‍റെ ആശങ്ക. ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവരുടെ അഭാവത്തിൽ ഓസീസ് ടീമിൽ കാര്യമായ മാറ്റമുണ്ടാവും. 2020 ഡിസംബറിന് ശേഷം ഇരുടീമും ട്വന്‍റി 20യിൽ ഏറ്റുമുട്ടിയിട്ടില്ല. ഒടുവിൽ ഓസ്ട്രേലിയയിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്കായിരുന്നു പരമ്പര. 2019ൽ ഇന്ത്യയിൽ ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയയും പരമ്പര സ്വന്തമാക്കി. മൊഹാലിയിൽ നടന്ന പതിനൊന്ന് ട്വന്‍റി 20യിൽ ഏഴിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. ഇതുകൊണ്ടുതന്നെ ഇന്നും ടോസ് നിർണായകാവും.

ഓസീസിനെതിരായ ഇന്ത്യന്‍ സ്‍ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിന്‍, അക്സർ പട്ടേല്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, യുസ്‍വേന്ദ്ര ചാഹല്‍, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഹർഷല്‍ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര.

Post a Comment

أحدث أقدم