പോപുലർ ഫ്രണ്ട് ഹർത്താൽ: 127 പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

(www.kl14onlinenews.com)
(23-Sep -2022)

പോപുലർ ഫ്രണ്ട് ഹർത്താൽ: 127 പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി :
ഹര്‍ത്താലിൽ സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളില്‍ 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 229 പേരെ കരുതല്‍ തടങ്കലിലും പാര്‍പ്പിച്ചിട്ടുണ്ട്. അക്രമികള്‍ കണ്ടാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഡ്രൈവര്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഹര്‍ത്താലില്‍ തെക്കന്‍ ജില്ലകളില്‍ വ്യാപക അക്രമമാണ് നടന്നത്. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുകാരെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ നിഖില്‍ എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇരുവരേയും കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും തെക്കന്‍ ജില്ലകളില്‍ വ്യാപക അക്രമം നടന്നു. പത്തനംതിട്ടയില്‍ നാലിടങ്ങളിലാണ് അക്രമം. പന്തളം, പത്തനംതിട്ട, കോന്നി, ഇളകൊള്ളൂര്‍ എന്നിവിടങ്ങളിലാണ് ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. പന്തളത്ത് കല്ലേറില്‍ കെഎസ്ആര്‍ടി സി ഡ്രൈവറുടെ കണ്ണിന് പരുക്കേറ്റു. പത്തനംതിട്ട കുമ്പഴ റോഡില്‍ ആനപ്പാറയിലും ബസിന് നേരെ കല്ലേറുണ്ടായി. നാലംഗ സംഘമാണ് കല്ലെറിഞ്ഞതെന്ന് ജീവനക്കാര്‍ പറഞ്ഞു. കോന്നിയിലും കല്ലേറില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു.
തിരുവനന്തപുരത്ത് കുമരിച്ചന്തയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. കാറിനും ഓട്ടോയ്ക്കും നേരെ ആയിരുന്നു കല്ലേറ്. കിള്ളിപ്പാലം ബണ്ട് റോഡ്, കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട്, ബാലരാമപുരം കല്ലമ്പലം, മണക്കാട് എന്നിവിടങ്ങളില്‍ ബസ്സുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.

Post a Comment

أحدث أقدم