ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 101 റൺസിൻ്റെ ജയം

(www.kl14onlinenews.com)
(08-Sep -2022)

ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 101 റൺസിൻ്റെ ജയം
ദുബായ് :
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 101 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാന് 8 വിക്കറ്റിന് 111 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. വിരാട് കോലി, കെ.എൽ രാഹുൽ, ഭുവനേശ്വർ കുമാർ എന്നിവരാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് 20 ഓവറിൽ എട്ട് വിക്കറ്റിന് 111 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ഓവറിൽ തന്നെ ഭുവി ഓപ്പണർമാരായ ഹസ്രത്തുള്ള ജസായി (0), റഹ്മാനുള്ള ഗുർബാസ് എന്നിവരെ പവലിയനിലേക്ക് മടങ്ങി. രണ്ട് റൺസ് എടുത്ത കരീം ജനത്തിനെയും ഭുവി പുറത്താക്കി. ശേഷമെത്തിയ നജീബുള്ള സദ്രാനും(0) അക്കൗണ്ട് തുറക്കാനായില്ല.

ക്യാപ്റ്റൻ മുഹമ്മദ് നബിയെ പുറത്താക്കി അർഷ്ദീപ് സിംഗ് അഫ്ഗാന് അഞ്ചാം പ്രഹരം നൽകി. റാഷിദ് ഖാനെ ദീപക് ഹൂഡ പുറത്താക്കി. ഇബ്രാഹിം സദ്രാൻ പുറത്താകാതെ 64 റൺസ് നേടി. മുജീബ് ഉർ റഹ്മാൻ 18 ഉം റാഷിദ് ഖാൻ 15 ഉം റൺസെടുത്തു. ഭുവി തന്റെ നാലോവറിൽ 4 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ. അർഷ്ദീപ് സിംഗ്, രവിചന്ദ്രൻ അശ്വിൻ, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ കോലിയും രാഹുലും 119 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തിൽ 62 റൺസെടുത്താണ് കെ.എൽ രാഹുൽ മടങ്ങിയത്. ഈ ടൂർണമെന്റിൽ രാഹുലിന്റെ ആദ്യ ഫിഫ്റ്റിയാണിത്. ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ആദ്യ പന്തിൽ തന്നെ സിക്‌സറടിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ ക്ലീൻ ബൗൾഡായി. സൂര്യകുമാർ 6 റൺസെടുത്തു. വിരാട് കോലി 61 പന്തിൽ 12 ഫോറും ആറ് സിക്‌സും സഹിതം 122 റൺസുമായി പുറത്താകാതെ നിന്നു. പന്ത് 16 പന്തിൽ 20 റൺസെടുത്തു. അഫ്ഗാനിസ്ഥാനു വേണ്ടി ഫരീദ് അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേട്ടങ്ങളുടെ പട്ടികയില്‍ ടീം ഇന്ത്യ

ദുബായ് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ 101 കൂറ്റന്‍ ജയത്തോടെ ഇന്ത്യയുടെ റെക്കോര്‍ഡ് ബുക്കില്‍ മറ്റൊരു നേട്ടം കൂടി. ടി20 ക്രിക്കറ്റില്‍ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ കട്ടക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 93 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. അതാണ് ഇത്തവണ ഇന്ത്യ മറികടന്നത്. 2018ല്‍ അയര്‍ലന്‍ഡിനെതിരെ നേടിയ 143 റണ്‍സിന്റെ റണ്‍സിന്റെ ജയം നേടിയതാണ് ഒന്നാമത്. 2012ല്‍ കൊളംബോയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 90 റണ്‍സിന്റെ ജയം നാലാം സ്ഥാനത്തായി.

അതേസമയം, അഫ്ഗാന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണിത്. 2012ല്‍ ഇംഗ്ലണ്ടിനെതിരെ 116 റണ്‍സിന് തോറ്റതാണ് ഏറ്റവും വലിയ തോല്‍വി. 2013ല്‍ അയര്‍ലന്‍ഡിനെതിരെ 68 റണ്‍സിന് പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തായി. 2021ല്‍ ഇന്ത്യക്കെതിരെ അബുദാബിയില്‍ 66 റണ്‍സിന് തോറ്റതും പട്ടികയിലുണ്ട്. നേരത്തെ, സെഞ്ചുറി നേടിയ വിരാട് കോലിയും റെക്കോര്‍ഡ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. 61 പന്തില്‍ പുറത്താവാതെ 122 റണ്‍സാണ് കോലി നേടിയത്. 

ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണ് കോലി നേടിയത്. ഏഷ്യാ കപ്പില്‍ 61 പന്തില്‍ പുറത്താവാതെ 122 റണ്‍സ് നേടിയതോടെയാണ് കോലിയെ തേടി നേട്ടമെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്‍ഡോറില്‍ രോഹിത് 118 റണ്‍സ് നേടിയിരുന്നു.

മൊത്തത്തില്‍ ചിരിമേളം! വില്യംസണും കോണ്‍വെയും പിച്ചിന് നടുവില്‍; എന്നിട്ടും റണ്ണൗട്ടാക്കാനായില്ല- വീഡിയോ കാണാം

ഇക്കാര്യത്തില്‍ സൂര്യകുമാര്‍ യാദവാണ് മൂന്നാമത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ് ഹാമില്‍ സൂര്യ 117 റണ്‍സ് നേടിയിരുന്നു. 2018ല്‍ വിന്‍ഡീസിനെതിരെ രോഹിത് പുറത്താവാതെ നേടിയ 111 റണ്‍സ് നാലാമത് നില്‍ക്കുന്നു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ അഞ്ചാമതാണ്. 2016ല്‍ വിന്‍ഡീസിനെതിരെ രാഹുല്‍ പുറത്താവാതെ 110 റണ്‍സ് നേടിയിരുന്നു. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി താരങ്ങളില്‍ താരങ്ങളില്‍ റിക്കി പോണ്ടിംഗിനൊപ്പമെത്താനും കോലിക്കായി. കോലിയുടെ 71 സെഞ്ചുറിയാണിത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ പോണ്ടിംഗിനും ഇത്രയും സെഞ്ചുറികളാണുള്ളത്. പോണ്ടിംഗിന് 71 സെഞ്ചുറികള്‍ നേടാന്‍ 668 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. കോലി 522 ഇന്നിംഗ്‌സില്‍ 71 സെഞ്ചുറിയിലെത്തി. 

ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. 782 ഇന്നിംഗ്‌സില്‍ നിന്ന് 100 സെഞ്ചുകളാണ് സച്ചിന്‍ നേടിയത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (63) മൂന്നാമതുണ്ട്. 666 ഇന്നിംഗ്‌സില്‍ നിന്നാണ് സംഗയുടെ നേട്ടം. 62 സെഞ്ചുറി നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് നാലാമതും. 617 ഇന്നിംഗ്‌സില്‍ നിന്നാണ് കാലിസ് ഇത്രയും സെഞ്ചുറി നേടിയത്.


Post a Comment

Previous Post Next Post