കുന്നിൻ മുകളിലെ വിസ്മയക്കൂടാരം; ലോകത്തെ ഞെട്ടിക്കാൻ ഖത്തറിലെ അൽ ബെയ്ത്ത് സ്‌റ്റേഡിയം

(www.kl14onlinenews.com)
(13-Aug -2022)

കുന്നിൻ മുകളിലെ വിസ്മയക്കൂടാരം; ലോകത്തെ ഞെട്ടിക്കാൻ ഖത്തറിലെ അൽ ബെയ്ത്ത് സ്‌റ്റേഡിയം
ദോഹ: ഖത്തറിന്റെ അമൂല്യ സൃഷ്ടികളായി മാറിയ ലോകകപ്പ് സ്റ്റേഡിയങ്ങൾ ഓരോന്നും നിർമാണം പൂർത്തിയാകുന്നതിന് മുൻപേ തന്നെ ലോകശ്രദ്ധ നേടിയവയാണ്.

അറബ് ലോകത്തിന്റെയും ഖത്തറിന്റെയും ആതിഥേയ പാരമ്പര്യം വിളിച്ചോതുന്ന വിസ്മയങ്ങളുടെ കൂടാരമാണ് ഉദ്ഘാടന വേദിയാകുന്ന അൽഖോറിലെ അൽ ബെയ്ത്ത് സ്‌റ്റേഡിയം.

നവംബർ 20ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം ഇവിടെയാണു നടക്കുന്നത്. ഗ്രൂപ്പ് ഘട്ടം, റൗണ്ട്-16, ക്വാർട്ടർ-സെമി ഫൈനലുകൾ എന്നിങ്ങനെ 9 മത്സരങ്ങളുടെ വേദി കൂടിയാണിത്.

അറബ് കൂടാര മാതൃക

അറബ് ഗോത്ര വിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന ബെയ്ത് അല്‍ഷാര്‍ എന്നറിയപ്പെടുന്ന പരമ്പരാഗത അറബ് കൂടാരത്തിന്റെ മാതൃകയില്‍ കുന്നിന്‍ മുകളിലായി ഒരു കൂടാരം എന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലാണ് സ്റ്റേഡിയത്തിന്റെ ഘടന. ഒറ്റക്കാഴ്ചയിൽ തന്നെ ആരുടെയും മനം കവരും. 2021 നവംബർ 30നാണ് സ്റ്റേഡിയം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന് സമർപ്പിച്ചത്. ആദ്യം വേദിയായത് പ്രഥമ ഫിഫ അറബ് കപ്പിനും.

വാസ്തുശിൽപകലയിൽ വേറിട്ട കാഴ്ചകളൊരുക്കുന്ന സ്റ്റേഡിയത്തിന്റെ അകത്തളങ്ങളും കാണികളെ വിസ്മയിപ്പിക്കും. ഖത്തറിന്റെ ലോകകപ്പ് സ്റ്റേഡിയങ്ങൾ ഓരോന്നും ഒന്നിനൊന്ന് വേറിട്ട് നിൽക്കുന്നുവെങ്കിലും ഏറ്റവും സവിശേഷമായത് അൽ ബെയ്ത് തന്നെയാണ്. രാജ്യത്തിന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ബഹുമാനിച്ചു കൊണ്ടുള്ളതും സമൂഹത്തിന്റെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ രൂപകൽപന ദാർ അൽഹൻദസയുടേതാണ്.

14 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് സ്റ്റേഡിയം. ഉള്ളിലേയ്ക്ക് മടക്കാനും മുകളിലേയ്ക്ക് നിവർത്താനും കഴിയുന്ന ഉരുക്കു മേൽക്കൂര. മുഖപ്പിന് തന്നെ ഏഴഴകാണ്. കൂടാരത്തിലേക്ക് പ്രവേശിക്കാൻ വിശാലമായ പാതകൾ. ചുറ്റും പുൽത്തകിടിയാൽ പച്ചപ്പ് പുതച്ചിരിക്കുന്നതിനാൽ എവിടെ നോക്കിയാലും ഹരിതാഭ മാത്രം. പൂന്തോട്ടങ്ങൾ, തടാകങ്ങൾ, കളിക്കളങ്ങൾ, കുട്ടികൾക്കായി പ്രത്യേക കളിസ്ഥലങ്ങൾ, ചെറുതും വലുതുമായ മരങ്ങൾ, കാൽനടപ്പാതകൾ, കാണികൾക്ക് വിശ്രമിക്കാനും ഒഴിവു സമയം ചെലവിടാനും 4 ലക്ഷം ചതുരശ്രമീറ്ററിലുള്ള വലിയ പാർക്ക് ഇങ്ങനെ സൗകര്യങ്ങൾ ഏറെ.

ഇനി ഭക്ഷണ-പാനീയങ്ങൾ വേണമെങ്കിൽ കെഎഫ്‌സി, മക് ഡൊണാൾഡ് തുടങ്ങി വൻകിട രാജ്യാന്തര ബ്രാൻഡുകളുടെ വിൽപന ശാലകളും സജീവം. സ്റ്റേഡിയത്തിന് കുറച്ചുമാറിയുള്ള വിശാലമായ പാർക്കിങ് സൗകര്യത്തിൽ ബസുകൾക്കും കാറുകൾക്കും ഇഷ്ടം പോലെ പാർക്ക് ചെയ്യാം. അംഗപരിമിതർക്കായി പ്രത്യേക കാർ പാർക്കിങ്ങുമുണ്ട്. ചുരുക്കി പറഞ്ഞാൽ വിസ്മയങ്ങളുടെ കൂടാരം മാത്രമല്ല പരിസ്ഥിതി സൗഹൃദം, സുസ്ഥിരതയുടെ പര്യായം, ഹരിത വികസനത്തിന്റെ ഉദാത്ത മാതൃകയും കൂടിയാണ് ഖത്തറിന്റെ അൽബെയ്ത് സ്റ്റേഡിയം.
അകം പറയും ആതിഥേയ പൈതൃകം

പുറമെ പാരമ്പര്യ ശൈലിയിലുള്ള സ്റ്റേഡിയത്തിന്റെ അകം പൈതൃകവും ആധുനികതയും കോർത്തിണക്കിയുള്ള ആഡംബരങ്ങളുടെ പറുദീസയുമാണ്. 60,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഖത്തറിന്റെയും അറബ് ലോകത്തിന്റെയും ആതിഥേയ പാരമ്പര്യം പ്രതിഫലിപ്പിച്ചുള്ള ഇന്റീരിയർ ആരും നോക്കി നിന്നു പോകും.

അത്രകണ്ട് മനോഹരമാണ് അറബിക് പാരമ്പര്യശൈലിയിലുള്ള അകത്തളങ്ങളുടെ ക്രമീകരണം. സീലിങ്ങിൽ പോലും ഇതേ പ്രതിഫലനം തന്നെയാണ്. പരമ്പരാഗത അറേബ്യൻ ശൈലിയായ 'സദു' എന്ന ചിത്ര തുന്നൽ കൊണ്ടാണ് സ്റ്റേഡിയത്തിന്റെ ഉൾഭാഗത്തെ അലങ്കാരങ്ങൾ. വിഭിന്നങ്ങളായ ജ്യാമിതീയ രൂപങ്ങൾ കൈകൊണ്ടു നെയ്‌തെടുക്കുന്ന പ്രത്യേക തരം ചിത്ര തുന്നലാണിത്. നെയ്‌തെടുക്കാൻ ഫ്രാൻസിലെ സെർജ് ഫെറാരി ഗ്രൂപ്പും അകത്തളത്തിന് അനുയോജ്യമായി വിളക്കി ചേർക്കാൻ തുർക്കിയുടെ ടെൻസാഫോം കമ്പനിയും കൂടെ ഒത്തു ചേർന്നപ്പോൾ സദു 'ഇന്റർനാഷനൽ' ആയി കഴിഞ്ഞു.
സ്റ്റേഡിയത്തിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ തന്നെ വിശാലമായ ഹാളും അറബ് ശൈലിയുള്ള ഇരിപ്പിടങ്ങളും കാണാം. ഇരിപ്പിടങ്ങളിലെ കുഷ്യനുകളിലും 'സദു' ടച്ച് തന്നെയാണ്. മൂന്നാം നിലയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ആഡംബര മുറികളാണ് സ്റ്റേഡിയത്തിന്റെ മറ്റൊരു പ്രത്യേകത. 96 മുറികളുണ്ട്. ബാൽക്കണിയിലിരുന്ന് പിച്ചിലെ മത്സരങ്ങൾ ആസ്വദിക്കാം. സൗകര്യപ്രദമായി, സുഖമായി ആഡംബരമായി തന്നെ താമസിക്കാം. ഫിഫയുടെ മാനദണ്ഡങ്ങൾ പ്രകാരം കളിക്കാർക്കും മാധ്യമങ്ങൾക്കും ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണുള്ളത്.

കളിക്കാർക്ക് വസ്ത്രങ്ങൾ മാറാനുള്ള മുറികൾ, മീഡിയ ട്രിബ്യൂൺ, വാർത്താസമ്മേളനങ്ങൾക്കുള്ള ഹാളുകൾ ഇങ്ങനെ ക്രമീകരണങ്ങൾ ഏറെയുണ്ട്. ഫിഫയുടെ സ്‌പെസിഫിക്കേഷൻ അനുസരിച്ചാണ് തദ്ദേശീയമായി നിർമിച്ച പിച്ച്. ഗാലറിയിൽ കാണികൾക്ക് സൗകര്യപ്രദമായി തന്നെ മത്സരങ്ങൾ ആസ്വദിക്കാം. തദ്ദേശീയമായി വികസിപ്പിച്ച ശീതീകരണ സംവിധാനം ആണ് മറ്റൊരു പ്രത്യേകത. പിച്ചിലും ഗാലറിയിലും ഒരുപോലെ മതിയായ തണുപ്പേകും.അംഗപരിമിതിയുള്ളവർക്കായി പ്രത്യേക സൗകര്യങ്ങളും ഇവിടെയുണ്ട്.
ലോകകപ്പ് കഴിഞ്ഞാൽ 'മുഖം' മാറും

ഫുട്‌ബോൾ മാമാങ്കം കഴിഞ്ഞാൽ സ്‌റ്റേഡിയത്തിന്റെ മുഖം മാറും. സീറ്റുകളുടെ എണ്ണം 30,000 ആയി കുറയ്ക്കും. സിനിമ തിയറ്ററുകൾ, വിനോദ കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, പ്രദർശന ഹാളുകൾ, കായികത്തിനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന അൽഖോറിലെ ഏറ്റവും വലിയ കമ്യൂണിറ്റി കേന്ദ്രമായി സ്‌റ്റേഡിയം മാറും.

ടാക്‌സി, മെട്രോ, പിന്നെ ഇ-ബസ്, യാത്ര എളുപ്പം

സെൻട്രൽ ദോഹയുടെ വടക്കു നിന്ന് ഏകദേശം 35 കിലോമീറ്ററും അൽഖോർ സൗത്തിൽ നിന്ന് 5 കിലോമീറ്ററും മാത്രമാണ് അൽ ബെയ്ത്തിലേക്കുള്ള ദൂരം. റെഡ്‌ലൈനിലൂടെ മെട്രോയിൽ ലുസെയ്ൽ മെട്രോ സ്‌റ്റേഷനിലെത്താം. മത്സര ദിനങ്ങളിൽ ഇവിടെ നിന്ന് ഇലക്ട്രിക് ബസ് സർവീസ് ഉണ്ടാകും. 25 മിനിറ്റ് മാത്രമാണ് സ്‌റ്റേഡിയത്തിലേക്കുള്ള യാത്രാ സമയം. ഇനി സ്‌റ്റേഡിയത്തിലേക്ക് എത്താൻ യൂബർ, കരീം, കർവ ടാക്‌സികളും സുലഭം. ബസുകൾക്കും ടാക്‌സികൾക്കും കാണികളെ ഇറക്കാനും കയറ്റാനുമായി പാർക്കിങ് കേന്ദ്രത്തിൽ വെവ്വേറെ പോയിന്റുകൾ തന്നെയുണ്ട്.

Post a Comment

Previous Post Next Post