പാകിസ്താനെതിരെ കോഹ്ലി 50 അടിച്ചാല്‍ വിമര്‍ശകരുടെ വായടയുമെന്ന് രവി ശാസ്ത്രി

(www.kl14onlinenews.com)
(23-Aug -2022)

പാകിസ്താനെതിരെ കോഹ്ലി 50 അടിച്ചാല്‍ വിമര്‍ശകരുടെ വായടയുമെന്ന് രവി ശാസ്ത്രി
ദുബായ് :
ഫോമില്ലായ്മയുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഫോമിലേയ്ക്ക് മടങ്ങിയെത്താന്‍ കോഹ്ലിയ്ക്ക് ഒരേയൊരു ഇന്നിംഗ്‌സിന്റെ ആവശ്യം മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ കോഹ്ലിയ്ക്ക് അര്‍ദ്ധ സെഞ്ച്വറി നേടാനായാല്‍ വിമര്‍ശകരുടെ വായടയുമെന്നും രവി ശാസ്ത്രി പറഞ്ഞു.

'അടുത്ത കാലത്തൊന്നും കോഹ്ലിയുമായി സംസാരിച്ചിട്ടില്ല. പക്ഷേ, മികച്ച കളിക്കാര്‍ നിര്‍ണായക ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കും. ഏഷ്യാ കപ്പിന് മുന്‍പ് ഫോമില്ലായ്മ നേരിട്ട കോഹ്ലിയ്ക്ക് തിരിച്ചുവരാന്‍ ഇത് ഗംഭീര അവസരമാണ്. തിരിച്ചുവരാന്‍ കോഹ്ലിയ്ക്ക് ഒരേയൊരു ഇന്നിംഗ്‌സ് മാത്രമാണ് ആവശ്യം. ഇന്ത്യന്‍ ടീമില്‍ കോഹ്ലിയോളം ഫിറ്റായ മറ്റൊരു താരമില്ല. അദ്ദേഹം ഒരു മെഷീനാണ്. കഴിഞ്ഞതൊക്കെയും ചരിത്രമാണ്. ആളുകളുടെ ഓര്‍മ്മയെന്നത് വളരെ ചുരുങ്ങിയ കാലം മാത്രമേ നിലനില്‍ക്കുകയുള്ളൂ'. രവി ശാസ്ത്രി വ്യക്തമാക്കി. 

ഓഗസ്റ്റ് 28ന് പാകിസ്‌കാനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന് തുടക്കമാകുക. ഏകദേശം അഞ്ച് ആഴ്ചത്തോളമായി കോഹ്ലി വിശ്രമത്തിലാണ്. ഇംഗ്ലണ്ട് പര്യടനത്തിലാണ് കോഹ്ലി അവസാനമായി കളിച്ചത്. ഇതിന് ശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ പര്യടനങ്ങളില്‍ നിന്ന് കോഹ്ലി വിട്ടുനിന്നിരുന്നു

ഏഷ്യ കപ്പ്: ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം എവിടെ കാണാം?

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ പോരാട്ടത്തിന് ഏഷ്യ കപ്പ് വേദിയാകാന്‍ ഒരുങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടും. ഓഗസ്റ്റ് 28-ാം തീയതി ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

പാക്കിസ്ഥാനെ ഇന്ത്യ അവസാനം നേരിട്ടത് കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പില്‍ പാക്കിസ്ഥാനോട് ഇന്ത്യ വഴങ്ങുന്ന ആദ്യ തോല്‍വി കൂടിയായിരുന്നു അത്.

എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ നിന്നും ഒരുപാട് മാറ്റങ്ങളുമായാണ് ഇന്ത്യയെത്തുന്നത്. നായകനും പരിശീലകനുമടക്കം മാറി. വിരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തെത്തി. പരിശീലകന്റെ റോളില്‍ ഇപ്പോള്‍ മുന്‍താരം കൂടിയായ രാഹുല്‍ ദ്രാവിഡാണ്.

ഒരു ദശാബ്ദത്തോളമായി ഐസിസി കിരീടങ്ങളില്ല എന്ന പോരായ്മ നികത്തുകയാണ് രോഹിത് – ദ്രാവിഡ് ദ്വയത്തിന്റെ ലക്ഷ്യം. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത് കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്.

ജസ്പ്രിത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നീ താരങ്ങള്‍ക്ക് പരിക്ക് മൂലം ഏഷ്യ കപ്പ് നഷ്ടമാകും. ഇക്കാര്യത്തില്‍ പാക്കിസ്ഥാനും തുല്യ ദുഖിതരാണ്. ട്വന്റി 20 ലോകകപ്പില്‍ പാക് വിജയത്തില്‍ നിര്‍ണായകമായ പേസ് ബോളര്‍ ഷഹീന്‍ ഷാ അഫ്രിദിയും ഏഷ്യകപ്പിനുണ്ടാകില്ല.

എന്നാണ് ഏഷ്യ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം?

ഓഗസ്റ്റ് 28-ാം തീയതി ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സര സമയം?

ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കാണ് മത്സരം.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?

സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ സംപ്രേക്ഷണാവകാശം നേടിയിരിക്കുന്നത്.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് കാണാം.

Post a Comment

Previous Post Next Post