(www.kl14onlinenews.com)
(27-Aug -2022)
ഡൽഹി :രാജ്യത്തിന്റെ നാല്‍പത്തിയൊമ്പതാം ചീഫ് ജസ്റ്റിസായി യു യു ലളിത് അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എന്‍ വി രമണ വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് യുയു ലളിതിന്റെ നിയമനം. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസായ രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. ചീഫ് ജസ്റ്റിസായിരുന്ന എസ്എം സിക്രിയാണ് മുമ്പ് സമാനരീതിയില്‍ ഈ പദവിയിലെത്തിയത്.
മഹാരാഷ്ട്ര സ്വദേശിയായ ഉദയ് ഉമേഷ് ലളിതെന്ന യുയു ലളിത് 1957 നവംബര്‍ ഒമ്പതിനാണ് ജനിച്ചത്. മുന്‍ ജഡ്ജിയായിരുന്ന പിതാവ് ആര്‍ ലളിതാണ് മകനെ നിയമപഠനത്തിലേക്ക് എത്തിച്ചത്. 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2004-ല്‍ സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ആയി. 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്, മുത്തലാഖ്, പോക്‌സോ കേസിലെ ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബഞ്ചില്‍ നിന്നുണ്ടായ സുപ്രധാന വിധികളാണ്. ലാവലിന്‍ കേസ് നിലവിലുള്ളതും ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്. ചീഫ് ജസ്റ്റിസ് പദവിയില്‍ മൂന്നുമാസമാണ് ജസ്റ്റിസ് ലളിതിന്റെ കാലാവധി. ഈ വര്‍ഷം നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും.
74 ദിവസത്തെ തന്റെ ചുരുങ്ങിയ കാലയളവിനുള്ളില്‍, സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തില്‍, പ്രത്യേകിച്ച് കേസുകള്‍ പട്ടികപ്പെടുത്തുന്നതിലും പരാമര്‍ശിക്കുന്നതിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ താന്‍ പദ്ധതിയിടുന്നതായി ജസ്റ്റിസ് ലളിത് പറയുന്നു. ലിസ്റ്റിംഗ് പ്രക്രിയ ലളിതവും വ്യക്തവും സുതാര്യവുമാക്കുന്നതിനൊപ്പം അടിയന്തിര കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതിന് വ്യക്തമായ ഒരു വ്യവസ്ഥ ഉണ്ടാക്കാന്‍ സുപ്രീം കോടതി പരിശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഭരണഘടനാപരമായ കാര്യങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിന് വര്‍ഷം മുഴുവന്‍ ഒരു ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇതിനിടെ നാല് മാസത്തിനുള്ളില്‍ മൂന്ന് ചീഫ് ജസ്റ്റിസുമാരെ കാണാനുള്ള ഒരു അപൂര്‍വ അവസരത്തിനാണ് രാജ്യം സാക്ഷിയാകുക. ചീഫ് ജസ്റ്റിസ് എന്‍വി രമണയെ കൂടാതെ ജസ്റ്റിസ് യുയു ലളിത്, ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഢ് എന്നിവര്‍ ഈ വര്‍ഷം ജൂലൈ മുതല്‍ നവംബര്‍ വരെ ചീഫ് ജസ്റ്റിസായേക്കും. 2027ലും സമാനമായ സ്ഥിതിയുണ്ടാകും. 2027 സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ മൂന്ന് ചീഫ് ജസ്റ്റിസുമാര്‍ വന്നുപോകും.
Post a Comment