സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ; വെള്ളിയാഴ്ച പരിഗണിക്കും

(www.kl14onlinenews.com)
(24-Aug -2022)

സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ; വെള്ളിയാഴ്ച പരിഗണിക്കും
ഡൽഹി : ഹാഥ്റാസ് കലാപ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ജാമ്യാപേക്ഷ, അഭിഭാഷകൻ ഹാരീസ് ബീരാൻ മെൻഷൻ ചെയ്തു. ഇതോടെയാണ് ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. കാപ്പന്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലക്നൌ ബെഞ്ച് തള്ളിയിരുന്നു.

മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളിയത്. കുറ്റപത്രം പരിശോധിക്കുമ്പോൾ ഈ വാദം നിലനിൽക്കില്ലെന്ന് ബോധ്യപ്പെടുന്നതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പിടിയിലായ മറ്റ് പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കേസിൽ കഴിഞ്ഞ ദിവസം, കാപ്പൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർക്ക് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ദില്ലി സ്വദേശി മുഹമ്മദ് ആലത്തിനാണ് കോടതി ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഇയാള്‍ ഓടിച്ച വാഹനം യുപിയിലെ മഥുര പൊലീസ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖ് കാപ്പനും മറ്റ് രണ്ടു പേരുമാണ് ഈ കാറിൽ ഉണ്ടായിരുന്നത്. കാപ്പനെതിരായ കേസിൽ ആദ്യമായാണ് ഒരാൾക്ക് ജാമ്യം ലഭിച്ചത്. ഇതിനു പിന്നാലെയാണ് ജാമ്യം തേടി സിദ്ദിഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്

ഹാഥ്റാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമായി ജയിലിൽ തുടരുകയാണ്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സിദ്ദിഖ് കാപ്പൻ.

Post a Comment

Previous Post Next Post