(www.kl14onlinenews.com)
(30-Aug -2022)
ബാഗ്ദാദ്: ഇറാഖിലെ ജനകീയ ഷിയ നേതാവ് മുഖ്തദ അല്‍ സദര്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും രാഷ്ട്രീയ പാര്‍ട്ടി പിരിച്ചുവിടുന്നതായും പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് വന്‍ പ്രക്ഷോഭം. സദറിന്റെ അനുയായികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. കലാപകാരികളും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 സദര്‍ അനുകൂലികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
തെരുവുകളില്‍ പ്രതിഷേധം തുടരുന്നതിനാല്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ സേന പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഷെല്ലുകളും പ്രയോഗിച്ചു.
ശ്രീലങ്കന്‍ ആഭ്യന്തരകലാപങ്ങള്‍ക്കിടെ കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയ സംഭവം ഏറെ പ്രചരിച്ചിരുന്നു. പ്രസിഡന്റിന്റെ ഓഫീസ് മുറിയും കിടപ്പു മുറിയും അടുക്കളയും നീന്തല്‍കുളം ഉള്‍പ്പടെ കയ്യേറിയ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ ലോകം കണ്ടിട്ട് രണ്ടു മാസങ്ങളായി. ശ്രീലങ്കന്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് രണ്ട് മാസത്തിന് ശേഷം, ഇറാഖിലെ ബാഗ്ദാദ് നഗരത്തിലും സമാനമായ കാഴ്ചകള്‍ ദൃശ്യമായി. ഇറാഖിലെ സ്വാധീനമുള്ള ഷിയ മുസ്ലീം പുരോഹിതന്‍ മൊക്താദ അല്‍-സദര്‍ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്, അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി, എതിര്‍ ഗ്രൂപ്പുകളും രംഗത്തെത്തിയതോടെ പ്രതിഷേധം തെരുവുയുദ്ധമായി.
പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം ഇറങ്ങി. വാര്‍ത്താ ഏജന്‍സിയായ എഎഫ്പി പറയുന്നതനുസരിച്ച്, ബാഗ്ദാദിലെ ഏറ്റുമുട്ടലില്‍ 23 പേരില്‍ കുറയാത്ത പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു, പ്രകോപിതരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.
വ്യാപകമായി പ്രചരിക്കുന്ന വീഡിയോകളില്‍, പ്രസിഡന്റ് ഗോതബായ രാജപക്സെയെ പുറത്താക്കിയ ശേഷം ശ്രീലങ്കയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്ക് സമാനമായി ഇറാഖി പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചെത്തിയ സദറിന്റെ അനുകൂലികള്‍ കൊട്ടാരം കയ്യേറി. പ്രസിഡന്റിന്റെ നീന്തല്‍ കുളത്തില്‍ വിശാലമായ കുളിയും പാസ്സാക്കിയാണ് ഇവര്‍ ലോകത്തെ രോഷം അറിയിച്ചത്.
സദറിന്റെ അനുയായികളും സര്‍ക്കാര്‍ പിന്തുണയുള്ള ഗ്രൂപ്പുകളും പരസ്പരം പോരടിച്ചപ്പോള്‍ സൈന്യം വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മന്ത്രാലയങ്ങളും എംബസികളും സ്ഥിതി ചെയ്യുന്ന ബാഗ്ദാദിലെ ഗ്രീന്‍ സോണിലാണ് സംഭവം. ഇറാഖ് സൈന്യം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഗ്രീന്‍ സോണ്‍ ഒഴിയാന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
ഒക്ടോബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സദറിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഭൂരിപക്ഷം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലാണ്. ഇപ്പോള്‍, രാഷ്ട്രീയം വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം നാല് കോടിയിലധികം ജനസംഖ്യയുള്ള ഒരു രാജ്യത്ത് അനിശ്ചിതത്വത്തിന് കാരണമായിരിക്കുന്നു
Post a Comment