(www.kl14onlinenews.com)
(26-Aug -2022)
കോഴിക്കോട്: ബംഗാളില്‍ മൂന്ന് കൊലപാതകം നടത്തി നാടുവിട്ട പ്രതി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി രവികുല്‍ സര്‍ദാറാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ബംഗാളില്‍ നിന്നും മുങ്ങിയ ഇയാള്‍ കോഴിക്കോട് മീഞ്ചന്തയില്‍ അതിഥിതൊഴിലാളിയായി ഒളിവില്‍ കഴിയവെയാണ് പിടിയിലാവുന്നത്.
പശ്ചിമ ബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ മാസം ഏഴിനായിരുന്നു സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഗോപാല്‍പൂര്‍ പഞ്ചായത്തംഗവുമായിരുന്ന സ്വപന്‍ മാജിയെയാണ് സംഘം ആദ്യം വധിക്കുന്നത്. ഇയാളെ വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ദൃക്‌സാക്ഷികളായ ഭൂത് നാഥ് പ്രമാണിക്, ജന്തു ഹല്‍ദര്‍ എന്നിവരെയും രവികുലും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തി. അന്വേഷണത്തില്‍ പ്രാദേശിക തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് പഞ്ചായത്തംഗത്തെ വധിച്ചതെന്ന് കണ്ടെത്തി.
കൊലപാതകത്തിന് ശേഷം സ്ഥലംവിട്ട സംഘത്തിൽ രവികുല്‍ സര്‍ദാര്‍ ഒഴികെ മറ്റ് നാല് പേരും നേരത്തെ തന്നെ പൊലീസിന്റെ പിടിയിലായിരുന്നു. പിന്നാലെയാണ് രവികുല്‍ സര്‍ദാര്‍ കേരളത്തിലുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ബംഗാള്‍ കാനിംഗ് പൊലീസ്, കേരള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് മീഞ്ചന്തയില്‍ നിന്ന് പന്നിയങ്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രവികുലിനെ പശ്ചിമ ബംഗാള്‍ പൊലീസിന് കൈമാറി.
Post a Comment