കേരളത്തിലെ വികസനം തടയാന്‍ ഇഡിയുടെ ശ്രമം: മുഖ്യമന്ത്രി

(www.kl14onlinenews.com)
(13-Aug -2022)

കേരളത്തിലെ വികസനം തടയാന്‍ ഇഡിയുടെ ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം :
പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും ഏതെല്ലാം തരത്തില്‍ എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്നം കാണാന്‍ പോലുമാകാത്ത പദ്ധതികള്‍ നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി കൊണ്ടുവന്നപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്നു പോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോള്‍ അതിനെ യുഡിഎഫ് എതിര്‍ത്തു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിജെപിക്കൊപ്പം കോണ്‍ഗ്രസും അതില്‍ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

പാര്‍ട്ടിക്കാരല്ലാത്ത ബഹുജനങ്ങളടക്കം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇവരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫിനെ സ്വീകരിച്ചു. എല്‍ഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ തെളിവാണ്. എന്നാല്‍ മറ്റു ചിലരുണ്ട്. ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കരുത് എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. തുടര്‍ഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടര്‍ത്തുന്നു. മുന്‍കാലങ്ങളില്‍ സിപിഎമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ജനം തിരിച്ചറിഞ്ഞെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെടേണ്ടിവന്ന ഒരു പാര്‍ട്ടിയാണ് സിപിഐഎം. കോണ്‍ഗ്രസ് സിപിഐഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. ആ കോണ്‍ഗ്രസാണ് ഇന്ന് രാജ്യവ്യാപകമായി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ബിജെപിയായി മാറി. സംഘപരിവാറിന്റെ നിലപാടുകള്‍ നടപ്പാക്കുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുണ്ട്. അവരുടെ പേര് പറയാത്തത് തന്റെ മാന്യത കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post