തുടക്കം പിഴച്ചു; ഓണക്കിറ്റ് വിതരണം ആദ്യദിനം തന്നെ മുടങ്ങി

(www.kl14onlinenews.com)
(23-Aug -2022)

തുടക്കം പിഴച്ചു; ഓണക്കിറ്റ് വിതരണം ആദ്യദിനം തന്നെ മുടങ്ങി
തിരുവനന്തപുരം: തുടക്കത്തിലെ കല്ലുകടിയായി സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം. ഇ പോസ് തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ആദ്യ ദിനം തന്നെ മുടങ്ങി. സംസ്ഥാനത്തെ മിക്ക റേഷന്‍ കടകളിലും ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് രാവിലെ മുതലാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം പലയിടത്തും മെഷീനുകള്‍ പ്രവര്‍ത്തിച്ചില്ല. ഇ പോസ് തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഓണക്കിറ്റ് വിതരണം തടസപ്പെടില്ലെന്നും അടിയന്തരമായി പ്രശ്‌നം പരിഹരിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

കുറേനാളുകളായി ഇ പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എല്ലാ കാര്‍ഡ് ഉടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്നുതന്നെ ഭക്ഷ്യക്കിറ്റ് കൈപ്പറ്റണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇന്നും നാളെയും മഞ്ഞക്കാര്‍ഡുകാര്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുകയെന്നാണ് അറിയിച്ചിരുന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓണക്കിറ്റ്. 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുകള്‍ക്കും 29,30,31 തീയതികളില്‍ നീല കാര്‍ഡുകള്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താല്‍ ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളില്‍ ഭക്ഷ്യക്കിറ്റ് കൈപ്പറ്റാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിട്ടുണ്ട്.
ഓണത്തിന് ഇക്കുറിയും പ്രത്യേക സൗജന്യ സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റ് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങള്‍ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മെച്ചപ്പെട്ട ഉത്പന്നങ്ങളും പാക്കിംഗുമാണ് ഇത്തവണത്തെ ഓണക്കിറ്റെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത്തവണ കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാവില്ല. വെളിച്ചെണ്ണ പ്രത്യേകമായി റേഷന്‍ ഷോപ്പ് വഴി ലഭ്യമാക്കും. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം അന്ത്യോദയ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭ്യമാക്കുക. പിന്നീട് പി.എച്ച്.എച്ച് കാര്‍ഡ് ഉടമകള്‍ക്കും ശേഷം നീല, വെള്ള കാര്‍ഡുകാര്‍ക്കും ലഭിക്കും. നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏറ്റവുമൊടുവില്‍ നാല് ദിവസം കിറ്റ് വാങ്ങാന്‍ വേണ്ടി അനുവദിക്കും.

ഇത്തവണ ഓണത്തിന് സൗജന്യ കിറ്റിന് പുറമേ സബ്സിഡി നിരക്കില്‍ വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 5 കിലോ പച്ചരി, 5 കിലോ കുത്തരി, എ എ വൈ കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര എന്നിവയും ലഭിക്കും.

14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്.

സര്‍ക്കാര്‍ അംഗീകൃത ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഭക്ഷ്യകിറ്റുകള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വാതില്‍പടി വിതരണ രീതിയില്‍ നേരിട്ടെത്തിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുപോലെ സംയോജിപ്പിച്ച് നവകേരളം പടുത്തുയര്‍ത്താനാണ് കേരളം ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ രണ്ട് വര്‍ഷംകൊണ്ട് 9,746 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ടു. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോര്‍പ്പറേറ്റുകള്‍ അല്ലാത്ത ബദല്‍ ഇവിടെയുണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Post a Comment

Previous Post Next Post