(www.kl14onlinenews.com)
(19-Aug -2022)
തിരുവനന്തപുരം :
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തിയേക്കും. കമ്മീഷണര്‍ ഡിഐജിക്ക് ശുപാര്‍ശ കൈമാറി. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് നീക്കം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് ഫര്‍സീന്‍.
ഇതിന് പിന്നാലെ പൊലീസിനെ വെല്ലുവിളിച്ച് ഫര്‍സീന്‍ രംഗത്തെത്തി. തനിക്കെതിരായ കേസുകള്‍ തെളിക്കണമെന്നാണ് വെല്ലുവിളി. പൊലീസ് പറയുന്നത് പോലെ 15 കേസുകള്‍ തന്റെ പേരിലില്ലെന്ന് ഫര്‍സീന്‍ പറയുന്നു. പൊലീസ് വാദം ശരിയെന്ന് തെളിയിച്ചാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ഫര്‍സീന്‍ വ്യക്തമാക്കി. തനിക്കിതുവരെ നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടീസ് കൈപ്പറ്റണോയെന്ന് അഭിഭാഷകനുമായി ആലോചിച്ച് തീരുമാനമെടുക്കും. പിണറായി സര്‍ക്കാര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ഫര്‍സീന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഫര്‍സീനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്തെത്തി. അയാള്‍ ചെറിയ ക്രിമിനല്‍ അല്ലെന്നായിരുന്നു പ്രതികരണം. കുറ്റവാളികളെ ന്യായീകരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വിവാദമായിരുന്നു. ജൂൺ 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവത്തിൽ വലിയതുറ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ഇതിന് പിന്നാലെ പ്രതികളായ ഫർസീനും നവീൻ കുമാറിനും രണ്ടാഴ്ച്ത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപി ജയരാജനെതിരെയും ഇൻഡിഗോ വിമാന കമ്പനി നടപടിയെടുത്തിരുന്നു. മൂന്നാഴ്ച്ചത്തേയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്യുന്നതിനാണ് ഇപി ജയരാജന് വിലക്ക് ഏർപ്പെടുത്തിയത്
إرسال تعليق