(www.kl14onlinenews.com)
(25-Aug -2022)
കടം എട്ടുലക്ഷത്തിലധികം, ഗൾഫിലുള്ള ഭർത്താവ് ഒന്നുമറിഞ്ഞില്ല: അമ്മയെ കൊലപ്പെടുത്തിയ ഇന്ദുലേഖയുടെ ജീവിതം ദുരൂഹം
തൃശ്ശൂർ :
കീഴൂര്‍ കാക്കത്തുരുത്ത് സ്വദേശി ഇന്ദുലേഖ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തുകയും അച്ഛനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവം സംസ്ഥാനത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. മാതാവ് രുഗ്മിണിയുടെെ അസ്വാഭാവിക മരണം സംബന്ധിച്ച് കസ്റ്റഡിയിലായ മകൾ ഇന്ദുലേഖയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കത്തുരുത്ത് സ്വദേശി ചോഴിയാട്ടില്‍ ചന്ദ്രൻ്റെ ഭാര്യ രുഗ്മണി(60)യാണ് കഴിഞ്ഞ ദിവസം വിഷം അകത്തുചെന്ന നിലയില്‍ മരണമടഞ്ഞത്. രുഗ്മിണിയുടെ മരണത്തിനു പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് എലിവിഷം ഉള്ളില്‍ചെന്നാണ് മരണമെന്നു കണ്ടെത്തിയത്.
രുഗ്മിണിയുടേത് ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയത്. ഭര്‍ത്താവ് ചന്ദ്രന്‍ നല്‍കിയ സൂചനപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂത്ത മകള്‍ ഇന്ദുലേഖ(40)യെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ദുലേഖ മുന്‍പ് തന്നെയും വധിക്കാന്‍ ശ്രമിച്ചിരുന്നതായി അച്ഛന്‍ ചന്ദ്രന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മകൾ ഒരിക്കല്‍ നല്‍കിയ ചായക്ക് രുചി വ്യത്യാസം തോന്നിയിരുന്നുവെന്നാണ് ചന്ദ്രൻ പറഞ്ഞത്. അന്നത് കുടിച്ചില്ല. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് അന്ന് കലര്‍ത്തിയതെന്ന സംശയമാണ് ചന്ദ്രന്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.
മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത് കെെക്കലാക്കാൻ വേണ്ടിയാണ് അവരെ കൊലപ്പെടുത്താൻ ഇന്ദുലേഖ തീരുമാനിച്ചതെന്നാണ് സൂചനകൾ. ഇന്ദുലേഖ ഭര്‍ത്താവ് അറിയാതെ സ്വര്‍ണം പണയം വച്ച് എട്ട് ലക്ഷം രൂപ എടുത്തിരുന്നു. എന്നാല്‍ ഇത്രയും ഭീമമായ തുക എന്താവശ്യത്തിന് ഉപയോഗിച്ചുവെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഭർത്താവ് നാട്ടിലെത്തിയ സാഹചര്യത്തിൽ ഈ സ്വര്‍ണം തിരിച്ചെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. കുടുംബസ്വത്ത് വിൽക്കൽ മാത്രമായിരുന്നു അതിനു വഴി. അതിനായാണ് അമ്മയുടെ സ്വത്ത് ആവശ്യപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
രുഗ്മണിക്കു രണ്ടു പെണ്‍മക്കളാണ്. മൂത്ത മകൾ ഇന്ദുലേഖയും കുടുംബവും രുഗ്മണിയോടൊപ്പമാണ് താമസം. ഗള്‍ഫിലുള്ള ഇന്ദുലേഖയുടെ ഭര്‍ത്താവ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ വന്നത്. ഇന്ദുലേഖയുടെ പിതാവ് ചന്ദ്രന്‍ ബലൂണ്‍ കച്ചവടക്കാരനാണ്. ഇന്ദുലേഖയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആദ്യമൊന്നും കൊലപാതക കുറ്റം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ദുലേഖയുടെ മൊബൈല്‍ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനു ലഭിച്ചത്. വിഷം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ദുലേഖ തേടിയതായി ഫോൺ രേഖകളിൽ വയക്തമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഓഗസ്റ്റ് പതിനേഴാം തീയതിയാണ് ഇന്ദുലേഖ മാതാവ് രുഗ്മിണിക്ക് വിഷം നൽകിയത്. ഇക്കഴിഞ്ഞ 18 ന് വിദേശത്തായിരുന്ന മകളുടെ ഭർത്താവിനെ കൊണ്ടുവരാൻ മകൾക്കൊപ്പം നെടുമ്പാശേരിയിൽ പോയിരുന്നു. മടങ്ങി വരുന്നതിനിടെ കഴിച്ച ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കരുതുന്നത്. വീട്ടിൽ തിരിച്ചെത്തി പിറ്റേ ദിവസം ഛർദ്ദിച്ചതിനെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു. ചൊവ്വാഴ്ച കുന്നംകുളം നഗരസഭ ശ്മശാനത്തിൽ രുഗ്മിണിയുടെ മൃതദേഹം സംസ്കരിച്ചു.
സംസ്കാരത്തിനു മുമ്പ് മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് ഇന്ദുലേഖയുടെ പിതാവുമായി സംസാരിച്ചപ്പോൾ അദ്ദേഹം മകളുടെ പേരിൽ സംശയമുന്നയിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ദുലേഖയാണ് വിഷം നൽകിയതെന്ന് സ്ഥിരീകരിച്ചത്.
Post a Comment