(www.kl14onlinenews.com)
(13-Aug -2022)
കൊളത്തൂർ : പാണ്ടിക്കണ്ടം രാമനടുക്കത്ത് കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിൽ ആശങ്കയുമായി നാട്ടുകാർ. പത്തേക്കറിലേറെ ഭൂമിയാണ് സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ അടുത്തിടെ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ചെങ്കുത്തായ ഈ സ്ഥലത്ത് ക്വാറി തുടങ്ങിയാൽ ഉരുൾപ്പൊട്ടൽ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. താഴെ ഭാഗത്തു വീടുകളുണ്ട്. ക്വാറിക്കു ഇതുവരെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകുകയോ പരിസ്ഥിതി ആഘാതം ഉൾപ്പെടെയുള്ള പ്രാഥമിക പഠനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല.
പാണ്ടിക്കണ്ടം, അരിയിൽ, രാമനടുക്കം, എളനീരടുക്കം, വരിക്കുളം പ്രദേശങ്ങൾക്കാണ് ക്വാറി ഭീഷണിയാവുക. രാമനടുക്കത്തെ കുന്നിൻ ചെരുവിൽ ക്വാറിയും ഇതിനു മുകളിലായി ക്രഷറും തുടങ്ങാനാണ് നീക്കം. ക്രഷർ തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഭൂമി നിരപ്പാക്കുകയും ലക്ഷങ്ങൾ വിലപിടിപ്പുള്ള യന്ത്രങ്ങൾ സജ്ജീകരിക്കുകയും ചെയ്തു. അനുമതി നൽകാമെന്ന ഉറപ്പ് ഉന്നതതലത്തിൽ നിന്നു ഇവർക്കു ലഭിച്ചിട്ടുണ്ടെന്ന ആരോപണം നാട്ടുകാർക്കുണ്ട്. ഇല്ലെങ്കിൽ കോടികൾ മുടക്കി ഭൂമി വാങ്ങുകയും യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുമോ എന്നതാണ് സംശയം.
ക്രഷർ സ്ഥാപിക്കാൻ പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതി ആവശ്യമാണ്. ഇത്തരത്തിൽ ഒരു അനുമതിയും നൽകിയിട്ടില്ലെന്ന് രണ്ട് അധികൃതരും പറയുന്നു. ഹെക്ടർ കണക്കിനു ഭൂമിയിൽ ഖനനം നടക്കുമ്പോൾ ജലക്ഷാമത്തിനും കൃഷി നാശത്തിനും കാരണമാകുമെന്നാണ് ആശങ്ക. ബേഡഡുക്ക പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കൃഷിയുള്ള പ്രദേശങ്ങളാണിത്. പാറ പൊട്ടിക്കാൻ സ്ഫോടനം നടത്തുമ്പോൾ തൊട്ടപ്പുറത്തുള്ള പയസ്വിനിപ്പുഴയിലെ ജൈവസമ്പത്തിനെയും ഇതു ബാധിക്കും.
ഏഷ്യയിൽ തന്നെ അപൂർവമായ ഭീമൻ ആമ(പലപ്പൂവൻ)യുടെ സാന്നിധ്യമുള്ള പുഴയാണിത്. ക്വാറിയിൽ നിന്നു പുഴയിലേക്ക് അര കിലോമീറ്റർ പോലും ദൂരമില്ല. പുഴയുടെ മറുകരയിൽ സംരക്ഷിത വനവും ആണ്. വീതി കുറഞ്ഞ റോഡിലൂടെ വലിയ ലോറികൾ പോകുമ്പോഴും ജനജീവിതത്തിനു ഭീഷണിയാകും. ഇതൊന്നും കണക്കിലെടുക്കാതെ അനുമതി നൽകിയാൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പു നൽകുന്നു.
വടക്കാംകുന്ന് ഖനന പ്രദേശങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ചു
വെള്ളരിക്കുണ്ട്∙ വടക്കാംകുന്ന് മലനിരകളിലെ ഖനന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇ.ചന്ദ്രശേഖരൻ എംഎൽഎ, കലക്ടർ എന്നിവരുടെ നിർദേശപ്രകാരം വടക്കാകുന്ന് മരുതുകുന്ന് ഭാഗങ്ങളിലെ ഖനന പ്രദേശങ്ങളും ക്രഷർ നിർമാണ പ്രദേശവും എഡിഎം എ.കെ.രാമചന്ദ്രൻ, തഹസിൽദാർ പി.വി.മുരളി, ജില്ലാ ജിയോളജിസ്റ്റ് കെ.ആർ.ജഗദീഷ്, പൊല്യൂഷൻ കൺട്രോൾ ബോർഡിലെ അനീഷ് ആന്റണി, ഡിഡിപികെ.വി. ഹരിദാസ്, അനലിസ്റ്റ് പ്രേം പ്രകാശ്, ഗ്രൗണ്ട് വാട്ടർ അതോറിറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മുന്നൂറിൽ അധികം പ്രദേശവാസികളും പരാതികൾ ബോധിപ്പിക്കാൻ സ്ഥലത്തെത്തിയിരുന്നു. ക്വാറി പ്രദേശത്തെ കുടിവെള്ള ശ്രോതസ്സുകൾ അധികൃതർ നേരിൽ കണ്ട് ബോധ്യപ്പെട്ടു. ക്വാറി മൂലം ദുരിതമനുഭവിക്കുന്ന പ്രദേശവാസികളുടെ പരാതി സ്വീകരിച്ച എഡിഎം നിയമത്തിനുള്ളിൽ നിന്ന് കൊണ്ട് സാധ്യമായ എല്ലാം നടപടികളും സ്വീകരിക്കുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഉറപ്പു നൽകി.
നേരത്തെ കലക്ടർ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും തുടർന്ന് പ്രവർത്തിച്ചതിൽ ക്വാറി മാനേജ്മെന്റിന് താക്കീതും നൽകി. ഇത്തരം നിയമ ലംഘനം ഉണ്ടായാൽ ശക്തമായ നടപടിയുണ്ടാ വുമെന്നും സൂചിപ്പിച്ചു, ക്വാറിയിലേക്ക് വഴി ഒരുക്കാനായി മണ്ണിട്ട് മൂടിയ നീർച്ചാൽ അടിയന്തരമായി പൂർവ്വസ്ഥിതിയിലാക്കാനും നിർദേശം നൽകി. കുടിവെള്ള പദ്ധതിയുടെ സംഭരണിയും ജലസ്രോതസും ക്വാറി പ്രദേശത്തെ ഏകാംഗ വിദ്യാലയം, അങ്കണവാടി എന്നിവയും സന്ദർശിച്ചു.
മൈനിങ് പ്രദേശത്തിനു ചുറ്റുമുള്ള വീടുകളുടെ ദൂരപരിധി ജിപിഎസ് സംവിധാനം വഴി നിർണയപെടുത്ത 19 ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ ഇന്നത്തെ സന്ദർശനത്തിന്റെയും പഠനത്തിന്റെയും റിപ്പോർട്ടുകൾ അതതു വകുപ്പുകൾ കലക്ടർക്ക് സമർപ്പിക്കുമെന്നും എഡിഎം പറഞ്ഞു. കിനാനൂർ– കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ,ഭൂപേഷ്, ബളാൽ പഞ്ചായത്ത് സെക്രട്ടറി കെ.അനിൽകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു
إرسال تعليق