സജീവന്റെ കസ്റ്റഡി മരണം: പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം

(www.kl14onlinenews.com)
(16-Aug -2022)

സജീവന്റെ കസ്റ്റഡി മരണം: പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം
വടകര സജീവന്റെ കസ്റ്റഡി മരണത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം. പ്രതികളായ എസ്‌ഐ എം നിജേഷ്, സിപിഒ പ്രജീഷ്, സസ്‌പെൻഷനിൽ കഴിയുന്ന എഎസ്‌ഐ അരുൺ, സിപിഒ ഗിരീഷ് എന്നിവർക്കാണ് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

വാഹനാപകടക്കേസിൽ കഴിഞ്ഞ മാസം 21ന് രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വടകര ടൗണിൽ വെച്ച് സജീവനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. പോലീസെത്തി സജീവനേയും കൂട്ടരേയും അറസ്റ്റ് ചെയ്തു. വാഹന അപകട സമയത്ത് സജീവന്റെ സുഹൃത്തായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

എന്നാൽ മദ്യപിച്ചുവെന്ന് ആരോപിച്ച് സജീവനെ എസ്‌ഐ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് കൂട്ടുകാർ പറഞ്ഞു. മർദ്ദനമേറ്റതിന് പിന്നാലെ തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവൻ പറഞ്ഞിരുന്നു. എന്നാൽ പോലീസ് അത് വകവെച്ചില്ല. തുടർന്ന് സ്‌റ്റേഷന് മുന്നിൽ സജീവൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഈ സമയത്തും പോലീസ് സഹായിച്ചില്ലെന്നും കൂട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post