നവീകരിച്ച ഫറോക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി; എസി ഭാഗങ്ങളും, പാലത്തിലെ സിഗ്നല്‍ ലൈറ്റുകളും തകര്‍ന്നു

(www.kl14onlinenews.com)
(28-Aug -2022)

നവീകരിച്ച ഫറോക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി; എസി ഭാഗങ്ങളും, പാലത്തിലെ സിഗ്നല്‍ ലൈറ്റുകളും തകര്‍ന്നു
കോഴിക്കോട് :
പുതുക്കി പണിത് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത് ഗതാഗതത്തിനായി തുറന്ന് കൊടുത്ത കോഴിക്കോട് ഫറോക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് ബസ് പാലത്തില്‍ കുടുങ്ങിയത്. പാലത്തിന്റെ മുകള്‍ ഭാഗത്ത് തട്ടി ബസിന്റെ മുകളിലെ എസിയുടെ ഭാഗങ്ങള്‍ തകര്‍ന്നു. പാലത്തിലെ സിഗ്‌നല്‍ ലൈറ്റുകള്‍ക്കും കേടുപാടുകളുണ്ട്. ബസ് പിന്നീട് സ്ഥലത്തുനിന്നും നീക്കി. അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ട പാലം നവീകരണ പ്രവൃത്തികള്‍ക്ക് ശേഷം ശനിയാഴ്ച വൈകിട്ടായിരുന്നു മന്ത്രി പി എ മുഹമ്മദ് പൂര്‍ണതോതിലുള്ള ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. .

കമാനങ്ങള്‍ തകര്‍ന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ നവീകരണത്തിനായി 90 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പ്രവൃത്തി പൂര്‍ത്തിയാക്കി പാലം തുറന്നതോടെ നഗരത്തിലെ പ്രധാന ഗതാഗതക്കുരുക്കിന് പരിഹാരമായിരുന്നു. ഒന്നരനൂറ്റാണ്ട് പഴക്കമുള്ള പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിലായിരുന്നു. 90 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നവീകരണം. ഒന്നാംഘട്ട നവീകരണത്തില്‍ പാലത്തിലെ തുരുമ്പ് പൂര്‍ണമായും യന്ത്രമുപയോഗിച്ച് നീക്കം ചെയ്തു. ദ്വാരങ്ങളടച്ച് ബീമുകളും ബലപ്പെടുത്തിയിരുന്നു. തകര്‍ന്നു വീഴാറായ ഒമ്പത് ഉരുക്കു കമാനങ്ങള്‍ക്ക് പകരം പുതിയവ സ്ഥാപിച്ചു. പാലത്തില്‍ സ്ഥിരമായി വെളിച്ച സംവിധാനം ഒരുക്കുമെന്നും പഴയ പാലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഉപയോഗിക്കാത്ത പാലങ്ങള്‍ ടൂറിസത്തിനായി പ്രയോജനപ്പെടുത്തുമെന്നും ഉദ്ഘാടന ശേഷം സംസാരിക്കവെ മന്ത്രി പറഞ്ഞിരുന്നു. നടന്‍ കലാഭവന്‍ ഷാജോണായിരുന്നു മുഖ്യാതിഥി.

ഫറോക്ക് നഗരത്തെ ചെറുവണ്ണൂരുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാലം ജൂണ്‍ 27നാണ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്. നിലവിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിനൊപ്പം പാലത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്ത രീതിയില്‍ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് നവീകരണം പൂര്‍ത്തിയാക്കിയിരുന്നത്.

പഴമയുടെ പ്രതാപം പേറുന്ന ഫറോക്ക് പഴയ പാലം 1883 ലാണ് നിര്‍മ്മിച്ചത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ അടയാളപ്പെടുത്തുന്ന സ്മാരകം കൂടിയായ പാലം 2005 ലാണ് പുനര്‍നിര്‍മ്മിച്ചത്.

Post a Comment

أحدث أقدم