(www.kl14onlinenews.com)
(29-Aug -2022)
കൊച്ചി :
വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. മത്സ്യത്തൊഴിലാളികൾക്ക് എന്ത് പരാതിയുണ്ടെങ്കിലും തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തുറമുഖ നിർമ്മാണം നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പോലീസ് കൂട്ടുനിൽക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് സംരക്ഷണം നൽകണമെന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം നടത്താം. എന്നാൽ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെ കുറിച്ച് പരാതിയുണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാമെന്നും കോടതി അറിയിച്ചു.
സമരത്തിനിടെ നൂറ് കണക്കിന് സമരക്കാർ പദ്ധതി പ്രദേശത്തെ അതീവ സുരക്ഷ മേഖലയിലേക്ക് ഇരച്ച് കയറി. ഇത് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്‌ക്രിയരായി നോക്കി നിന്നെന്നും ഹർജിയിൽ അദാനിഗ്രൂപ്പ് വ്യക്തമാക്കുന്നു. നിർമാണപ്രവർത്തനം തുടരാൻ പോലീസ് സുരക്ഷ വേണം. കേന്ദ്രസേനയുടെ സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
2015ൽ തുടങ്ങിയ നിർമാണ പ്രവർത്തനം അന്തിമഘട്ടതിലാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. സമരം തുടർന്നാൽ പദ്ധതി ഇനിയും വൈകും. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ പൊലീസിന്റെയും കേന്ദ്രസേനയുടെയും സുരക്ഷ ആവശ്യമാണെന്നാണ് ഇരുഹർജികളിലും വാദിക്കുന്നത്. ജസ്റ്റിസ് അനു ശിവരാമനാണ് ഹർജി പരിഗണിച്ചത്.
Post a Comment