(www.kl14onlinenews.com)
(25-Aug -2022)
കൊച്ചി : സർക്കാരിനും ഗവർണർക്കും എതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ നടക്കുന്നത് എല്ലാം സർക്കാരും ഗവർണറും തമ്മിലുളള ഒത്തുകളിയാണ്. ആദ്യം എതിർക്കുകയും പിന്നീട് ഒരുമിച്ചാവുകയും ചെയ്യുന്നതാണ് ഗവർണറുടെ രീതി. ഗവർണർ സംഘപരിവാർ ഏജന്‍റാണ്. സംഘപരിവാർ അജണ്ട തന്നെയാണ് പിണറായി വിജയൻ സർക്കാരും ഇവിടെ നടപ്പാക്കുന്നത്. പിണറായി വിജയൻ സർക്കാർ നിയമിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സംഘപരിവാർ അജണ്ട സിലബസിൽ ഉൾപ്പെടുത്തിയ ആളാണ്. ഗാന്ധിജിയേയും നെഹ്രുവിനേയും ഒഴിവാക്കി ദീനദയാൽ ഉപാധ്യായ,വിഡി സവർക്കർ,ഗോൾവാൾക്കർ എന്നിവരെ കുറിച്ച് പഠിപ്പിക്കാൻ തീരുമാനിച്ച ആളാണ് കണ്ണൂർ വിസി . ദേശാഭിമാനിയിൽ കോടിയേരി ബാലകൃഷ്ണൻ ലേഖനം എഴുതിയിട്ട് മാത്രം കാര്യമില്ലെന്നും വി ഡി സതീശൻ പരിഹസിച്ചു.
എന്ത് പറഞ്ഞാലും അനുസരിക്കുന്ന പാവകളെ വൈസ് ചാൻസലർമാരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരള സർവകലാശാലയുടെ കാര്യത്തിൽ ഗവർണർ ഇപ്പോൾ ചെയ്ത നടപടി നിയമ വിധേയമാണ്. പക്ഷേ ഇവിടെ സർക്കാർ ശ്രമിക്കുന്നത് അത് നിയമ വിരുദ്ധമാക്കാനുള്ള നിയമ നിർമാണത്തിനാണ്. സർവകലാശാലയിലെ അധ്യാപകനിയമനം അട്ടിമറിക്കാനാണ് സർക്കാർ പുതിയ ബില്ല് കൊണ്ടുവന്നത്. പ്രതിപക്ഷത്തിന്‍റെ നിലപാട് പ്രശ്നാധിഷ്ഠിതമാണെന്നും സർക്കാരോ ഗവർണറോ ആര് തെറ്റ് ചെയ്താലും അത് ചോദ്യം ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.
ലാവലിൻ കേസിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ലാവലിൻ കേസ് പരിഗണിക്കാനെടുക്കുമ്പോൾ സി ബി ഐ അഭിഭാഷകൻ ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനുള്ള കാര്യങ്ങളിലൊക്കെ സി പി എമ്മും ബി ജെ പിയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇതിനായി ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
രാവിലെ സിപിഎം ബി ജെ പി വിരോധം പരസ്പരം പ്രകടിപ്പിക്കും . രാത്രിയിൽ ഒത്തുകൂടും . ഇതാണ് ഇവിടെ നടക്കുന്നത്. കേസ് പരിഗണിക്കുന്ന ദിവസം സിബിഐ വക്കീലിന് പനി വരുമെന്നും വി.ഡി.സതീശൻ പരിഹസിച്ചു
إرسال تعليق