നിയമസഭാ ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടി നൽകരുത്: ആരോഗ്യമന്ത്രിയ്ക്ക് സ്പീക്കറുടെ താക്കീത്

(www.kl14onlinenews.com)
(30-Aug -2022)

നിയമസഭാ ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടി നൽകരുത്: ആരോഗ്യമന്ത്രിയ്ക്ക് സ്പീക്കറുടെ താക്കീത്
തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിനാല്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ താക്കീത് ചെയ്ത് സ്പീക്കര്‍. പിപിഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയില്‍ ആണ് സ്പീക്കറുടെ നടപടി. ഈ ശൈലി ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ നിര്‍ദേശം നിയമസഭാ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു.
കൊവിഡ് കാലത്ത് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേന്‍ നടത്തിയ പിപിഇ കിറ്റ് പര്‍ച്ചേഴ്‌സില്‍ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി ഒരേ മറുപടിയാണ് നല്‍കിയത് എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. വിഷയത്തില്‍ ആരോഗ്യമന്ത്രി മനപൂര്‍വ്വം മറുപടി ഒഴിവാക്കി വിവരം ലഭിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുവെന്ന് കാണിച്ചാണ് എ പി അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
എ പി അനില്‍കുമാറിന്റെ പരാതിയിലാണ് സ്പീക്കറുടെ ഇടപെടല്‍. ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി ആവര്‍ത്തിച്ചു നല്‍കരുത്. ഇത്തരം ശൈലി ഒഴിവാക്കണമെന്നുമാണ് സ്പീക്കര്‍ മന്ത്രിയെ അറിയിച്ചത്.

പേ വിഷ വാക്‌സിനില്‍ ആരോഗ്യമന്ത്രിയെ തിരുത്തി മുഖ്യമന്ത്രി; വിദഗ്ധ സമിതി രൂപീകരിക്കും

തിരുവനന്തപുരം, പേ വിഷ വാക്‌സിനില്‍ ആരോഗ്യമന്ത്രിയെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനില്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വാക്‌സിന്റെ ഗുണമേന്മ പരിശോധിക്കണം. ആരോഗ്യ വകുപ്പ് ഇതിനായി സമിതിയെ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
'പേവിഷ ബാധയേറ്റ് കുറച്ച് മരണം സംഭവിച്ചപ്പോള്‍ സമൂഹത്തില്‍ ആശങ്കയുണ്ടായിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പിനെ കുറിച്ച് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം. നടപടി ആരോഗ്യ വകുപ്പ് സ്വീകരിക്കും.' മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്റെ ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്നായിരുന്നു പി കെ ബഷീര്‍ എംഎല്‍എയുടെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി വീണാ ജോര്‍ജ് പറഞ്ഞത്. ഐഡിആര്‍വിയും ഇമ്യൂണോ ഗ്ലോബലിനും കെഎംസിഎല്‍ മുഖേനയാണ് ലഭ്യമാക്കുന്നത്. ഇവയ്ക്ക് കേന്ദ്ര ലബോറട്ടറിയുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഉള്ളതാണ്. ഇവയുടെ സംഭരണത്തിലും വിതരണത്തിലും കൃത്യമായിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നായിരുന്നു വീണാ ജോര്‍ജ് സഭയെ അറിയിച്ചത്. വൈറസ് വളരെ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്നത് കൊണ്ടാണ് വാക്‌സിന്‍ എടുത്തിട്ടും പേവിഷ ബാധ മരണം സംഭവിക്കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Post a Comment

Previous Post Next Post