(www.kl14onlinenews.com)
(18-Aug -2022)
കാസര്‍കോട്: മോഷണക്കേസിലെ പ്രതി ഒടുവില്‍ പിടിയിലായത് ഹോട്ടലില്‍ ഉള്ളിയരിയുന്നതിനിടെ. ചൗക്കി സ്വദേശി അബ്ദുള്‍ ലത്തീഫിനെ (36) ആണ് കാസര്‍കോട് ടൗണ്‍ പോലീസ് സുള്ള്യയില്‍ ഹോട്ടല്‍ പണിക്കിടെ പിടിച്ചത്. ഒന്നര മാസത്തിലധികം പ്രതി പോലീസിനെ വട്ടംചുറ്റിച്ചു.
ജൂണ്‍ 25-ന് തളങ്കര പള്ളിക്കാലിലെ ഷിഹാബുദ്ദീന്‍ തങ്ങളുടെ വീട്ടില്‍ നിന്ന് ആറുപവന്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. പ്രതികളിലൊരാളായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി വിജേഷിനെ (26) മോഷണത്തിനിടെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ലത്തീഫായിരുന്നു അന്ന് സ്വര്‍ണവുമായി കടന്നത്. ആദ്യം ഉപ്പളയില്‍ പോയ ലത്തീഫ് അവിടെ നിന്ന് സ്‌കൂട്ടറില്‍ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. അതിനിടെ മൂന്ന് ഗ്രാം സ്വര്‍ണം കാഞ്ഞങ്ങാട്ടെ ജൂവലറിയില്‍ വിറ്റത് ചൊവ്വാഴ്ച പോലീസ് കണ്ടെത്തി.
വയനാട്ടില്‍ നിന്ന് ഷൊര്‍ണൂരിലേക്കും അവിടെ നിന്ന് വേളാങ്കണ്ണിയിലേക്കും സ്‌കൂട്ടറില്‍ സഞ്ചരിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. ബാക്കി സ്വര്‍ണം ഷൊര്‍ണൂരില്‍ വിറ്റെന്നായിരുന്നു പ്രതിയുടെ മൊഴി. ലത്തീഫിനെ പിടിക്കാന്‍ പോലീസ് വേളാങ്കണ്ണിവരെ എത്തിയിരുന്നു. പോലീസ് പിന്നിലുണ്ടെന്നറിഞ്ഞ പ്രതി ഒടുവില്‍ കണ്ണൂരിലെത്തിയപ്പോള്‍ ഇരുചക്ര വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ലത്തീഫ് ഫോണ്‍ ഉപയോഗിക്കാത്തതാണ് പിടികൂടാന്‍ അല്‍പം വൈകിയതെന്ന് പോലീസ് പറഞ്ഞു.
ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. എം. വിഷ്ണുപ്രസാദ്, എ.എസ്.ഐ.മാരായ കെ.വി. ജോസഫ്, ഇ. ഉമേശന്‍, എസ്.സി.പി.ഒ.മാരായ കെ. ഷാജു, കെ.ടി. അനില്‍, സി.പി.ഒ.മാരായ സുനില്‍ കരിവെള്ളൂര്‍, കെ.പി. സുരേന്ദ്രന്‍, കെ.എം. രതീഷ്, നരേന്ദ്രന്‍ കോറോം എന്നിവരായിരുന്നു പോലീസ് സംഘത്തിലുണ്ടായിരുന്നത്.
إرسال تعليق