(www.kl14onlinenews.com)
(31-Aug -2022)
ദുബായ് :
ഏഷ്യാ കപ്പ് ട്വന്റി20യില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം. ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ ഹോങ്കോങാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ഹോങ് കോങ്ങാണ് എതിരാളികള്‍. താരതമ്യേന ശക്തരല്ലാത്ത ഹോങ് കോങ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും വെല്ലുവിളിയാകാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇന്ന് ജയിച്ചാല്‍ സൂപ്പര്‍ ഫോറില്‍ സ്ഥാനമുറപ്പിക്കാനും നിലവിലെ ചാമ്പ്യന്മാര്‍ക്കാകും.
ചിരവൈരികളായ പാക്കിസ്ഥാനെതിരെ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഇറങ്ങുക. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബോളിങ്ങ് നിര മികച്ച ഫോമിലാണ്. റണ്ണൊഴുക്ക് തടയാന്‍ രവീന്ദ്ര ജഡേജ – യുസുവേന്ദ്ര ചഹല്‍ ദ്വയത്തിന് കഴിയുന്നുമുണ്ട്. ആവേശ് ഖാന്‍ റണ്‍ വഴങ്ങുന്നത് മാത്രമാണ് അല്‍പ്പം ആശങ്ക നല്‍കുന്ന ഒന്ന്.
മറുവശത്ത് ബാറ്റിങ്ങില്‍ പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ കെ എല്‍ രാഹുല്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. പാക്കിസ്ഥാനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം ബൗള്‍ഡായി പുറത്താവുകയായിരുന്നു. രോഹിത്, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഫോമിലാണ്.
ടീമില്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും ബാറ്റിംഗ് ഓര്‍ഡറില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ കണ്ടാലും അതിശയിക്കേണ്ടതില്ലെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി കഴിഞ്ഞു. ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, ദീപക് ഹൂഡ, രവി ബിഷ്‌ണോയി എന്നിവര്‍ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. യുസ്‌വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം നല്‍കിയേക്കും.
ഫോമിലേയ്ക്ക് തിരിച്ചെത്താന്‍ വിരാട് കോഹ്ലിയ്ക്ക് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. പാകിസ്താനുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ബൗളിംഗ് നിരയല്ലെങ്കിലും എന്താണ് ഹോങ്കോങില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏഷ്യാ കപ്പ് ക്വാളിഫയറിന്റെ അവസാന മത്സരത്തില്‍ യുഎഇയെ പരാജയപ്പെടുത്തിയ അതേ ടീമിനെ തന്നെയാകും ഹോങ്കോങ് ഇന്ന് കളത്തിലിറക്കുക.
ഇന്ത്യയുടെ സാധ്യതാ ടീം
രോഹിത് ശര്‍മ്മ (C), കെ.എല്‍ രാഹുല്‍, വിരാട് കോഹ്ലി, ദീപക് ഹൂഡ, ഋഷഭ് പന്ത് (WK), ഹാര്‍ദ്ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.
Post a Comment