(www.kl14onlinenews.com)
(29-Aug -2022)
കാസർകോട്: തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാത ആറുവരിപ്പാതയിലെ ഏക മേൽപാലത്തിന്റെ പൈലിങ് പ്രവൃത്തി പൂർത്തിയായി. കാസർകോട് കറന്തക്കാട് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ ഒരു കിലോമീറ്റർ നൂറുമീറ്റർ ദൈർഘ്യമുള്ളതാണ് മേൽപാലം.
മേൽപാലത്തിന്റെ 30 തൂണുകൾക്കായി 265 പൈലുകളാണ് പൂർത്തീകരിക്കേണ്ടിയിരുന്നത്. 256 പൈലുകളും പൂർത്തിയായതായി കരാറുകാരായ യു.എൽ.സി.സി അധികൃതർ പറഞ്ഞു. പൈലിങ് പൂർത്തിയായതോടെ മേൽപാലത്തിന്റെ പ്രധാന ജോലികളാണ് പിന്നിട്ടത്. 30 തൂണുകളിൽ ഒമ്പത് എണ്ണവും പൂർത്തിയായി. കറന്തക്കാട് ഭാഗത്തുനിന്നുള്ള ഒമ്പതെണ്ണമാണ് പൂർത്തീകരിച്ചത്. ഒരു കിലോമീറ്റർ മേൽപാലത്തിന് ശരാശരി നൂറ് കോടിയാണ് ചെലവ്.
ആറുവരിപ്പാതക്കു പുറമെ രണ്ടുഭാഗത്തും സർവിസ് റോഡുകളും ഉൾപ്പെടുന്നതാണ് പദ്ധതി. പ്രധാന ജങ്ഷനുകളിൽ അടിപ്പാത നിർമാണവും പൂർത്തിയാകുന്ന മുറക്ക് 2023ഓടെ ആറുവരിപ്പാത യാഥാർഥ്യമാവും. ഇരുപതോളം അടിപ്പാതകളാണ് തലപ്പാടി മുതൽ ചെങ്കള വരെയുള്ള റീച്ചിലുണ്ടാവുക. കൂടുതൽ അടിപ്പാതകൾ നിർമിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment