'ഞാന്‍ മെഹ്നാസ് കാപ്പന്‍, എന്റെ പിതാവ് സ്വാതന്ത്ര്യം ഹനിക്കപ്പെട്ട് ഇരുട്ടറയില്‍'; സ്വാതന്ത്ര്യദിനത്തിൽ വൈറലായി മകളുട പ്രസംഗം

(www.kl14onlinenews.com)
(15-Aug -2022)

'ഞാന്‍ മെഹ്നാസ് കാപ്പന്‍, എന്റെ പിതാവ് സ്വാതന്ത്ര്യം ഹനിക്കപ്പെട്ട് ഇരുട്ടറയില്‍'; സ്വാതന്ത്ര്യദിനത്തിൽ വൈറലായി മകളുട പ്രസംഗം
മലപ്പുറം: യുഎപിഎ കേസ് ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യ ദിന പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മലപ്പുറം വേങ്ങര നൊട്ടപ്പുറം ജിഎല്‍പിഎസ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മെഹനാസ് കാപ്പന്‍. ഒരു പൗരന്റെ എല്ലാ വിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ അടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീക്ക് കാപ്പന്റെ മകള്‍ എന്ന് പരിചയപ്പെടുത്തി കൊണ്ടായിരുന്നു മെഹനാസിന്റെ പ്രസംഗം ആരംഭിച്ചത്.

'ഇന്ത്യ മഹാരാജ്യം 76ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കാലെടുത്ത് വച്ച ഈ മഹത്തരമായ വേളയില്‍ ഒരു ഭാരതീയനെന്ന അചഞ്ചലമായ അഭിമാനത്തോടെയും അധികാരത്തോടെയും പറയട്ടെ, ഭാരത് മാതാ കീ ജയ്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഭഗത് സിംഗിന്റെയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യാത്മക്കളുടെയും വിപ്ലവ നായകരുടെയും ജീവത്യാഗത്തിന്റെ ഫലമായി നമുക്ക് നേടിയെടുക്കാന്‍ സാധിച്ചതാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം'. മെഹനാസ് പ്രസംഗത്തില്‍ പറഞ്ഞു.

'ഇന്ന് ഓരോ ഭാരതീയനും അവന്‍ എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തെരഞ്ഞെടുക്കണം എന്നെല്ലാം ചോയ്‌സുകളുണ്ട്, അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഇറങ്ങി പോകാന്‍ പറയുന്നവരെ എതിരിടാന്‍ ഓരോ ഭാരതീയനും അവകാശമുണ്ട്. എന്നാല്‍, ഇന്നും അശാന്തി എവിടെയൊക്കെ പുകയുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് മതം, വര്‍ണം, രാഷ്ട്രീയം ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ നടക്കുന്ന അക്രമങ്ങള്‍'.

'ഇതിനെയെല്ലാം ഒരുമിച്ച് സ്‌നോഹത്തോടെയും ഐക്യത്തോടെയും പിഴുതെറിയണം. അശാന്തിയുടെ നിഴലിനെ പോലും മായ്ച്ച് കളയണം. ഇനിയും ഇന്ത്യയെ ഉന്നതിയുടെ കൊടുമുടിയില്‍ എത്തിക്കണം'. ഭിന്നതയും കലഹങ്ങളുമില്ലാത്ത ഇന്ത്യയെ സ്വപ്നം കാണണമെന്നും ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാകരുതെന്നും പറഞ്ഞു കൊണ്ടായിരുന്നു മെഹനാസ് കാപ്പന്റെ പ്രസംഗം അവസാനിച്ചത്. ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ്‌റാസിലേക്ക് പോകും വഴിയായിരുന്നു സിദ്ദീഖ് കാപ്പനെ യു പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലലടയ്ക്കുന്നത്.

Post a Comment

Previous Post Next Post