ഗുലാം നബി ആസാദിന്റെ രാജിയെ അതീവ ദു:ഖകരമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്

(www.kl14onlinenews.com)
(26-Aug -2022)

ഗുലാം നബി ആസാദിന്റെ രാജിയെ അതീവ ദു:ഖകരമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്
ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയത്താണ് രാജി. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രതിഷേധം ശക്തമാക്കുമ്പോള്‍ ഉണ്ടയിരിക്കുന്ന രാജി ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്നും ജയറാം രമേശും, അജയ് മാക്കനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗുലാം നബി ആസാദ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു. വിലക്കയറ്റത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ട് ബിജെപിക്കെതിരെ പോരാടുന്ന സമയത്ത് അദ്ദേഹം രാജിവയ്ക്കാന്‍ തീരുമാനിച്ചത് വളരെ സങ്കടകരമാണെന്ന് അജയ് മാക്കന്‍ പ്രതികരിച്ചു.
രാജ്യത്തുടനീളം വിലക്കയറ്റം, തൊഴിലില്ലായ്മ, ധ്രുവീകരണം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവനും ബിജെപിയെ നേരിടുകയും ബിജെപിക്കെതിരെ പോരാടുകയും ചെയ്യുന്ന സമയത്താണ് രാജിയുണ്ടായിരിക്കുന്നതെന്ന് ജയറാം രമേശും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നേതാക്കള്‍ തയ്യാറായില്ല.
കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെക്കുന്നതായാണ് ഗുലാം നബി ആസാദ് അറിയിച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. ജമ്മുകാശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നുള്ള രാജി. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗുലാം നബി ആസാദിന്റെ രാജിക്കത്തിലുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെഴുതിയ രാജി കത്തിലുടനീളം ഗുലാം രാഹുല്‍ ഗാന്ധിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. രാഹുല്‍ ഗാന്ധിയുടേയേത് പക്വതയില്ലാത്തതും ഉള്‍പാര്‍ട്ടി ജനാധിപത്യം സൂക്ഷിക്കാത്തതുമായ സമീപനമാണെന്ന് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ വരവോടെ മുതിര്‍ന്ന നേതാക്കളോട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന രീതി തകര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ അരികുവല്‍ക്കരിക്കപ്പെട്ടു. അനുഭവസമ്പത്തില്ലാത്ത മുഖസ്തുതിക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ ആരംഭിച്ചുവെന്നും ഗുലാം നബി ആസാദ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

Post a Comment

Previous Post Next Post