(www.kl14onlinenews.com)
(19-Aug -2022)
കൊച്ചി:പറവൂരിൽ കാർ യാത്രികനെ കുത്തിയ കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ടിന്റുവാണ് പിടിയിലായത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു ജീവനക്കാർക്കായി തിരച്ചിൽ തുടരുന്നു. ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കം കണ്ടു കാർ യാത്രികന്റെ പിതാവു കുഴഞ്ഞുവീണു മരിച്ചിരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണു (54) മരിച്ചത്. ആക്രമണത്തിനു പിന്നാലെ രക്ഷപ്പെട്ട ഡ്രൈവർ ടിന്റുവിനെ വൈറ്റിലയിൽനിന്നാണ് പിടികൂടിയത്. ബസും കസ്‌റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്തായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതു സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്നു പൊലീസ് പറഞ്ഞു. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചത്. അമിത വേഗത്തിലായിരുന്ന കോഴിക്കോട്– വൈറ്റില റൂട്ടിലോടുന്ന ‘നർമദ’ ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണു ഫർഹാന്റെ മൊഴി.
തുടർന്നു ഫർഹാൻ ബസിനു മുൻപിൽ കാർ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്തു. തർക്കമുണ്ടായപ്പോൾ ബസ് ജീവനക്കാരിൽ ഒരാൾ കത്തിയെടുത്തു. കുത്താൻ പോയപ്പോൾ തടഞ്ഞ ഫർഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാർ വാഹനമെടുത്തു കടന്നുകളയുകയായിരുന്നു.
Post a Comment