(www.kl14onlinenews.com)
(30-Aug -2022)
കോഴിക്കോട്: സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ(66) ആണ് മരിച്ചത്. വാതിൽ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ആംബുലൻസിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണു ഇയാളെ സ്കൂട്ടർ ഇടിച്ചത്. ഉടനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ഒരു ഡോക്ടറും കോയമോന്റെ സുഹൃത്തുക്കളായ രണ്ടു പേരും ആംബുലൻസിനകത്ത് ഉണ്ടായിരുന്നു.
മെഡിക്കൽ കോളേജിലെത്തിയപ്പോൾ അകത്തുളളവർ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. തുടർന്ന് ആംബുലൻസ് ഡ്രൈവർ വാതിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് തുറക്കാൻ നോക്കിയിട്ടും നടന്നില്ല. ചവിട്ടി തുറക്കാനുളള ശ്രമവും പരാജയപ്പെട്ടു. ഇതിനിടെ ഒരാൾ ചെറിയ മഴു കൊണ്ടുവന്ന് വാതിൽ വെട്ടിപ്പൊളിച്ച് കോയമോനെ പുറത്തെടുക്കുകയായിരുന്നു. അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അരമണിക്കൂറോളം കോയമോൻ ആംബുലൻസിനകത്ത് കുടുങ്ങിയതായി ബന്ധുക്കൾ ആരോപിച്ചു
Post a Comment