അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തിലേറെ സമരക്കാര്‍; അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

(www.kl14onlinenews.com)
(31-Aug -2022)

അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തിലേറെ സമരക്കാര്‍; അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍
കൊച്ചി :
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തിലധികം സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. സുരക്ഷ ഒരുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നും കമ്പനി കോടതിയില്‍ നിലപാടറിയിച്ചു.

സമരത്തെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനാവില്ലെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കി. സ്ത്രീകളെയും ഗര്‍ഭിണികളെയും കുട്ടികളെയും അണിനിരത്തിയാണ് സമരമെന്നും അതിനാല്‍ കടുത്ത നടപടികളിലേക്ക് കടക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ സമരവുമായി മുന്നോട്ട് തന്നെയെന്ന നിലപാടിലുറച്ചായിരുന്നു എതിര്‍കക്ഷികളാ. വൈദികരുടെ വാദം. വ്യവസ്ഥകള്‍ പാലിക്കാതെയുള്ള നിര്‍മ്മാണം അനുവദിക്കില്ലെന്ന് വൈദികര്‍ വ്യക്തമാക്കി. വാദം പൂര്‍ത്തിയായ കേസ് വിധി പറയാനായി മാറ്റി.

നേരത്തെ പദ്ധതി തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് എന്ത് പരാതിയുണ്ടെങ്കിലും തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത്. തുറമുഖ നിർമ്മാണം നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പോലീസ് കൂട്ടുനിൽക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് സംരക്ഷണം നൽകണമെന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം നടത്താം. എന്നാൽ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെ കുറിച്ച് പരാതിയുണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ 15 ദിവസമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് സമരം നടക്കുകയാണ്. നൂറുകണക്കിന് പേരാണ് പ്രതിദിനം സമരപന്തലിലെത്തുന്നത്. ഇന്ന് മാമ്പള്ളി, വെണ്ണിയോട്, മൂങ്ങോട്, ആറ്റിങ്ങല്‍, അയിരൂര്‍ ഇടവകകളില്‍ നിന്നുള്ളവരാണ് സമര രംഗത്തുള്ളത്.

ഇതിനിടെ സമരം നിഷ്‌കളങ്കമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. നിർമ്മാണം നിർത്തിവെക്കണം എന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട് നല്കാൻ ആവശ്യപ്പെടും. സംഘർഷം ഉണ്ടാക്കണം എന്ന രീതിയിൽ ശ്രമം നടക്കുന്നവെന്നും സമരത്തോട് സംയമനം പാലിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. തുറമുഖ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന ആവശ്യം ഒഴികെ മറ്റെന്ത് പ്രശ്‌നവും പരിഗണിക്കുന്നതിൽ സർക്കാരിന് വിമുഖതയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമരം ചെയ്യുന്നവർ ഉന്നയിക്കുന്ന പ്രശ്‌നം മാത്രമല്ല, പ്രാദേശികമായുള്ള മറ്റ് ആശങ്കകളും പ്രശ്‌നങ്ങളും ഉണ്ടെങ്കിൽ അവയും സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ യാഥാർത്ഥ്യം മനസിലാക്കി ബന്ധപ്പെട്ടവർ സമരത്തിൽ നിന്ന് അടിയന്തിരമായി പിന്മാറണമെന്നാണ് സർക്കാരിന്റെ അഭ്യർത്ഥനയെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post