'കുടുംബശ്രീ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ നയമല്ല'; സമസ്ത നേതാക്കളോട് മുഖ്യമന്ത്രി

(www.kl14onlinenews.com)
(31-Aug -2022)

'കുടുംബശ്രീ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ നയമല്ല'; സമസ്ത നേതാക്കളോട് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കള്‍. കുടുംബശ്രീ തയ്യാറാക്കിയ 'ആരോഗ്യകരമായ ബന്ധങ്ങള്‍' കൈപ്പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്ര സമസ്ത നേതാക്കളെ അറിയിച്ചു. വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വേഷം അടിച്ചേല്‍പ്പിക്കില്ലെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും സമസ്ത നേതാക്കള്‍ അറിയിച്ചു.
ലിംഗസമത്വം, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, സ്‌കൂള്‍ സമയമാറ്റം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആശങ്ക പങ്കുവെച്ച സമസ്ത നേതാക്കള്‍, മദ്രസകള്‍ക്ക് പ്രയാസകരമായ തരത്തില്‍ സമയമാറ്റം നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.
കേരള വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ നിലപാടുകളിലും സമസ്ത നേതാക്കള്‍ ആശങ്ക അറിയിച്ചു. വഖഫ് ബോര്‍ഡ് നിയമനത്തിന് പുതിയ സംവിധാനം ഉണ്ടാകുമ്പോള്‍ സമസ്തയ്ക്ക് അര്‍ഹമായ പ്രാധാന്യം നല്‍ണമെന്നും ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡിലെ നിലവിലെ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം. സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്തലാക്കരുത്. മലപ്പുറം ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ആവശ്യമായ അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ കൂടിക്കാഴ്ചയില്‍ മുന്നോട്ട് വെച്ചു.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മഹല്ലുകളില്‍ ഭരണഘടനാ വിരുദ്ധമായി സ്ഥാപനങ്ങള്‍ പ്രത്യേക വിഭാഗത്തിന് കൈയടക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുകയാണ്. ഇതില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post