(www.kl14onlinenews.com)
(14-Aug -2022)
ഡൽഹി : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴ് മണിക്കാണ് ദ്രൗപദി മുർമ്മുവിന്‍റെ ആദ്യ അഭിസംബോധന.
സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനമടക്കം കനത്ത സുരക്ഷയിലാണ്. അതേസമയം, സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹർ ഘർ തിരംഗ' പ്രചാരണം രാജ്യം അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ പതാക ഉയര്‍ത്തി.
ഇന്നലെ ആരംഭിച്ച് സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ജയന്തി വീടുകളില്‍ പതാക ഉയർത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്കൂളിലും സ്ഥാപനങ്ങളിലുമെല്ലാം ഇന്നലെ രാവിലെ തന്നെ ദേശീയ പതാകകള്‍ ഉയർന്നു. കേന്ദ്ര സാസ്കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാല്‍ ഷായും ദില്ലിയിലെ വീട്ടില്‍ പതാക ഉയര്‍ത്തി.
വിദ്യാര്‍ത്ഥികളോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാകയേന്തിയപ്പോള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പതാകയേന്തിയുള്ള മാർച്ചില്‍ പങ്കെടുത്തു. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഉള്‍പ്പെടെയുളള ബിജെപി നേതാക്കളും പ്രചാരണത്തിന്‍റെ ഭാഗമായി. ദില്ലിയിലും രാജ്യ അതിര്‍ത്തികളിലും വിവിധ സേനകളും ദേശീയ പതാക ഉയര്‍ത്തി പ്രചാരണത്തില്‍ പങ്കു ചേർന്നു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും പ്രചാരണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ദേശീയ പതാകയേന്തിയുള്ള ബൈക്ക് റാലികളും പലയിടങ്ങളിലും സംഘടിപ്പിച്ചു.
എന്താണ് 'ഹർ ഘർ തിരംഗ'? അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ?
ഇന്നലെ ആരംഭിച്ച് സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയർത്താനുള്ള ആഹ്വാനമാണ് 'ഹർ ഘർ തിരംഗ' ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്‍റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്തിയിൽ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിക്കുന്നു. വീട്ടിലുയർത്തിയ പതാകയുമൊത്ത് സെൽഫിയെടുത്ത ശേഷം 'ഹർ ഘർ തിരംഗ' എന്ന വെബ്സൈറ്റിൽ ഇത് അപ്ലോഡ് ചെയ്യാം. ഇരുപത് കോടി വീടുകളിലെങ്കിലും പതാക ഉയർത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.
Post a Comment