(www.kl14onlinenews.com)
(27-Aug -2022)
കണ്ണൂര്‍:
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന കേസിലാണ് അറസ്റ്റ്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ വെച്ച് കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ കരിപ്പൂരിലെ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ മറ്റ് കേസുകളില്‍ അന്വേഷണം തുടരുകയാണ്.
നേരത്തെ അര്‍ജുന്‍ ആയങ്കിക്കെതിരെ ചുമത്തിയിരുന്ന കാപ്പ റദ്ദാക്കിയിരുന്നു. 2017ന് ശേഷം കേസുകളൊന്നും തന്റെ പേരിലില്ലെന്നും കേസുകള്‍ സിപിഎം പ്രവര്‍ത്തകനായിരിക്കെയാണെന്നും കാണിച്ച് അര്‍ജുന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. കസ്റ്റംസ് കേസ് കാപ്പയുടെ പരിഗണനയില്‍ വരില്ലെന്ന് ഉത്തരവില്‍ പറയുന്നു. കാപ്പ അഡൈ്വസറി ബോര്‍ഡാണ് കാപ്പ റദ്ദാക്കിയത്.
സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിന് പുറമെ അടിപിടി കേസുകളിലും പ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുന്‍ ചാലോട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ലഹരിക്കടത്ത് സംഘങ്ങളുമായി അര്‍ജുന്‍ അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. നിരവധി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഭവങ്ങളില്‍ അര്‍ജുന്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു.
സ്ഥിരം കുറ്റവാളിയെന്ന കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ജുനെതിരെ കാപ്പ ചുമത്തിയത്. നിരന്തരമായി ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തടയാനും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും വേണ്ടി 2007ല്‍ കൊണ്ടുവന്നതാണ് കാപ്പ നിയമം. ഏഴ് വര്‍ഷത്തിനിടെ ഗുണ്ടാ ആക്രമണ സ്വഭാവമുള്ള മൂന്ന് കേസുകളില്‍ പ്രതിയായാല്‍ അയാള്‍ ഇനിയും കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്യാം.
Post a Comment