(www.kl14onlinenews.com)
(24-Aug -2022)
തിരുവനന്തപുരം :
സർവ്വകലാശാല നിയമഭേദഗതി ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിയ്ക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് മറികടന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വൈസ് ചാൻസിലർ നിയമത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അംഗബലം അഞ്ചാക്കി ഉയർത്തുന്നതാണ് നിയമഭേദഗതി. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും സർക്കാർ പ്രതിനിധിയും കൂടി സെർച്ച് കമ്മിറ്റിയിൽ അംഗമാകും.
ചാൻസിലറായ ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലിന് എതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സെർച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം സഭയിൽ ചൂണ്ടിക്കാട്ടി. എന്നാൽ പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്രയാണെന്നും ആരാണെന്നും യുജിസി പറയുന്നില്ലെന്ന് മന്ത്രി അറിയിച്ചു. ബിൽ ചാൻസിലറുടെ അധികാരങ്ങൽ കുറിക്കില്ലെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. നിയമഭേദഗതിയ്ക്ക് സംസ്ഥാനത്തിന് അധികാരമുണ്ടെന്നും പി. രാജീവ് കൂട്ടിച്ചേർത്തു. ഇതോടെ പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങൾ സ്പീക്കർ എംബി രാജേഷ് തള്ളി.
ഭേദഗതി അനുസരിച്ച് അഞ്ച് അംഗത്തിൽ മൂന്ന് പേർ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരാണ്. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെയ്ക്കുന്ന പാനലിൽ നിന്നും വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാരിന് ഇഷ്ടമുള്ള ആളെ വിസിയാക്കാൻ സാധിക്കും
Post a Comment