(www.kl14onlinenews.com)
(29-Aug -2022)
ദുബായ് :ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തോല്‍പിച്ചതിനു പിന്നാലെ ഇന്ത്യൻ വിജയം ആഘോഷിക്കാന്‍ ദേശീയ പതാക വാങ്ങാതിരുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനം. ജയ് ഷായ്ക്ക് കൂടെയുണ്ടായിരുന്ന ഒരാൾ ദേശീയ പതാക നല്‍കുകയും അദ്ദേഹം അതു വാങ്ങാൻ വിസമ്മതിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നു. വിഡിയോ വൈറലായതോടെ ജയ് ഷായ്ക്കെതിരെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.
ത്രിവർണ പതാകയിൽനിന്ന് അകലം പാലിക്കുന്ന ശീലം അവർക്കു പല തലമുറകളായുണ്ടെന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ടു കോൺഗ്രസ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ജയ് ഷായ്ക്കെതിരെ വിമർശനവുമായി തൃണമൂൽ നേതാവ് അഭിഷേക് ബാനര്‍ജിയും രംഗത്തെത്തി. ഭരണകക്ഷിയുടെ കാപട്യത്തിന്റെ തെളിവാണ് ഇതെന്ന് അഭിഷേക് ബാനർജി വിമര്‍ശിച്ചു. മറ്റേതെങ്കിലും കക്ഷിയുടെ നേതാവ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ബിജെപി അയാളെ ചതിയനെന്നു വരെ വിളിക്കുമായിരുന്നെന്ന് തെലങ്കാന രാഷ്ട്രസമിതിയും വിമർശിച്ചു.
അതേസമയം ജയ് ഷാ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് എന്ന ചുമതലകൂടിയുള്ളതിനാലാണ് ജയ് ഷാ ഇന്ത്യൻ പതാക കയ്യിൽ വാങ്ങാതിരുന്നതെന്നാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്ന വിശദീകരണം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എല്ലാ അംഗങ്ങളിൽനിന്നും നിഷ്പക്ഷത പാലിക്കണമെന്നു ചട്ടമുണ്ടെന്നും വിശദീകരണമുണ്ട്. എന്നാൽ ഇന്ത്യൻ ജയത്തിൽ ജയ് ഷാ ആഘോഷിക്കുന്നത് ദൃശ്യങ്ങളിലുണ്ട്
Post a Comment