(www.kl14onlinenews.com)
(20-Aug -2022)
ഡൽഹി :മൊബൈലുകൾ അടക്കമുള്ള എല്ലാ പോർട്ടബിൾ ഇലട്രോണിക് ഉപകരണങ്ങൾക്കും (electronic device) 'പൊതു ചാർജ്ജർ' (common charger) സംവിധാനം നടപ്പിലാക്കാനുള്ള സാധ്യതയെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. ഇ-മാലിന്യം (E waste) കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജർ എന്നതാണ് ആശയം. ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായിരിക്കുന്നത്.
ഇലക്ട്രോണിക്‌സ് പ്രോഡക്ട്‌സ് ഇന്നവേഷൻ കൺസോർഷ്യം (ഇപിഐസി) ഫൗണ്ടേഷൻ ചെയർമാനും എച്ച്‌സിഎൽ സ്ഥാപകനുമായ അജയ് ചൗധരി, മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് ഇൻഫർമേഷൻ ടെക്നോളജി (എംഎഐടി) പ്രസിഡന്റ് രാജ്കുമാർ ഋഷി, ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) ചെയർമാൻ പങ്കജ് മൊഹീന്ദ്രൂ, കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (CEAMA) പ്രസിഡന്റ് എറിക് ബ്രാഗൻസ, ഇന്ത്യൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മാനുഫാക്ചേഴ്സ് അസോസിയേഷൻ (ഐഇഇഎംഎ) പ്രസിഡന്റ് വിപുൽ റേ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇവർക്ക് പുറമെ ലാവ ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹരി ഓം റായ്, വ്യവസായ സ്ഥാപനങ്ങളായ ഫിക്കി, സിഐഐ, അസോചം എന്നിവയുടെ പ്രതിനിധികളും ഐഐടി കാൺപൂർ, ഐഐടി ബി എച്ച് യു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അതി സങ്കീർണ്ണമായി ഒരു വിഷയമാണിത്. ചാർജ്ജർ നിർമ്മാണ മേഖലയിൽ ഇന്ത്യയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. എല്ലാവരുടെയും കാഴ്ചപ്പാട് മനസ്സിലാക്കി മുന്നോട്ട് പോകേണ്ടതുണ്ട്. വ്യവസായ മേഖല, ഉപയോക്താക്കൾ, നിർമതാക്കൾ, പരിസ്ഥിതി തുടങ്ങിയ എല്ലാറ്റിനെയും കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂ'', യോഗത്തിന് ശേഷം രോഹിത് കുമാർ സിംഗ് വ്യക്തമാക്കി.
ഇ മാലിന്യവുമായി ബന്ധപ്പെട്ട് വർദ്ധിച്ചു വരുന്ന പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. പൊതു ചാർജ്ജർ സംവിധാനത്തിലേയ്ക്ക് മാറുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ഇതു സംബന്ധിച്ച വീക്ഷണങ്ങളും എല്ലാം പ്രതിനിധികളും ചർച്ചയിൽ പങ്കുവെച്ചതായി ഉപഭോക്തൃ കാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യ മറ്റ് പല രാജ്യങ്ങളിലേയ്ക്കും ചാർജറുകൾ കയറ്റി അയ്ക്കാറുണ്ട്. അതിനാൽ സാധാരണ ചാർജ്ജർ സംവിധാനത്തിലേയ്ക്ക് മാറുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും വിശദമായി വിലയിരുത്തേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
Post a Comment