കെഎസ്ആര്‍ടിസി ബസുകളോട് ഒടുങ്ങാത്ത പക! കല്ലേറ് പതിവാക്കിയ യുവാവ് പിടിയില്‍

(www.kl14onlinenews.com)
(23-Aug -2022)

കെഎസ്ആര്‍ടിസി ബസുകളോട് ഒടുങ്ങാത്ത പക! കല്ലേറ് പതിവാക്കിയ യുവാവ് പിടിയില്‍
തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞ തകര്‍ക്കുന്ന പ്രതി അറസ്റ്റില്‍. മെഡിക്കല്‍ ഷോപ്പ് നടത്തുന്ന കുന്നംകുളം സ്വദേശി യാനിയെ ആണ് പിടിയിലായത്. രാത്രി 12 മണിക്ക് ശേഷം ബൈക്കില്‍ ബ്രൈറ്റ് ലൈറ്റിട്ട് വേഗത്തില്‍ പോകുമ്പോള്‍ ബനിയന്റെ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന കല്ലുകള്‍ എറിയുന്നതാണ് പതിവ്. യാനി ലഹരി ഉപയോഗിക്കുന്നയാളാണെന്നും പൊലീസ് പറയുന്നു.

ആഗസ്റ്റ് 7, 13, 14 തീയതികളില്‍ രാത്രി പന്ത്രണ്ട് മണിക്കും പുലര്‍ച്ചെ മൂന്നരയ്ക്കും ഇടയില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. കുന്നംകുളം- തൃശൂര്‍ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകളാണ് തകര്‍ത്തത്. തുടര്‍ന്ന് നാനൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പേരാമംഗലം പോലീസ് യാനിയെ പിടികൂടുകയായിരുന്നു.

കല്ലേറ് നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലെല്ലാം ഒരു ബൈക്കിന്റെ സാന്നിധ്യം കണ്ടതാണ് നിര്‍ണായകമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്കുടമയായ യാനിയെ തിരിച്ചറിഞ്ഞത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് തനിക്ക് കെഎസ്ആര്‍ടിസി ബസുകളോടുള്ള പക മൂലമാണ് കല്ലേറ് നടത്തിയതെന്ന് സമ്മതിച്ചു. മുമ്പ് ഒരിക്കല്‍ ഇയാള്‍ തൃശൂരില്‍നിന്ന് കുന്നംകുളത്തേക്ക് അര്‍ധരാത്രിയില്‍ മടങ്ങുമ്പോള്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ലൈറ്റ് ഡിം ചെയ്തില്ല. ഇടക്ക് മറ്റൊരു ബസ് സൈഡ് കൊടുക്കാത്തതും പക കൂട്ടി. ഇതാണ് ഇതേ റൂട്ടിലെ ബസുകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള കാരണം.

Post a Comment

Previous Post Next Post