(www.kl14onlinenews.com)
(31-Aug -2022)
തിരുവനന്തപുരം :
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ളത്. മറ്റ് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും തമിഴ്‌നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴയ്ക്ക് കാരണം. അടുത്ത അഞ്ച് ദിവസം വ്യാപക മഴ തുടരുമെന്നാണ് പ്രവചനം.
കനത്ത മഴയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്ന മലമ്പുഴ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകള്‍10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ഡാം തുറക്കുന്നത്. ഈ സാഹചര്യത്തില്‍ കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ,മുക്കൈപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടര്‍ 60 സെന്റീ മീറ്ററാണ് ഉയര്‍ത്തിയത്.
മത്സ്യത്തൊഴിലാളിള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
1. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ 2 വരെ മത്സ്യ ബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ 1 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
إرسال تعليق