(www.kl14onlinenews.com)
(30-Aug -2022)
തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും, വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഉന്നയിച്ചു.തീരവാസികളുടെ ആശങ്ക തീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു മത്സ്യ തൊഴിലാളികളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു.തുറമുഖം വന്നാൽ തീരം നഷ്ടമാകും എന്നത് അന്ധവിശ്വാസം മാത്രമാണ്. ഇത് പരത്താന്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട് നല്കാൻ ആവശ്യപ്പെടും. നിർമ്മാണം നിർത്തിവെക്കണം എന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ ആകില്ല
. സംഘർഷം ഉണ്ടാക്കണം എന്ന രീതിയിൽ ശ്രമം നടക്കുന്നു.സമരത്തോട് സംയമനം പാലിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
വിഴിഞ്ഞം തുറമുഖം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും: മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു .ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് അടിയന്തിരമായി പിന്തിരിയണം എന്നാണ് സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന. അതിനവര്‍ തയ്യാറാകു മെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കും. ഏറെ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. അതുകൊണ്ടാണ് തീരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. അത് മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും അനുഭവങ്ങളുടെ വെളിച്ചത്തിലും ഈ സമരത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ അടിയന്തിരമായി പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീരശോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍
സംസ്ഥാനത്തിന്‍റെ തീരമേഖലയില്‍ പുരോഗമിക്കുന്ന സുപ്രധാന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ത്തിന്‍റെ നിര്‍മ്മാണം. 2023 ഏപ്രിലോടെ തുറമുഖത്ത് ആദ്യത്തെ ബാര്‍ജ് എത്തുമെന്നും 2023 ഒക്ടോബറോടെ കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കാവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് കരാറില്‍ ഏര്‍പ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ അക്രഡിറ്റഡ് ഏജന്‍സിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഈ പഠന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അനുമതിയില്‍ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രൈബ്യൂണല്‍ പദ്ധതിപ്രദേശ ത്തിന്‍റെ തെക്കും വടക്കും 10 കി.മീ വീതം ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പഠിച്ച് എല്ലാ 6 മാസം കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ ഷോര്‍ലൈന്‍ നിരീക്ഷിക്കുവാന്‍ ഒരു മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള പഠനവും നിരീക്ഷണവും തുടരുന്നുണ്ട്. ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിന് മുമ്പും ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും തീരശോഷണവും ഉണ്ടായിരുന്നതായി പഠന റിപ്പോര്‍ട്ടും ഉണ്ട്. തുറമുഖ നിര്‍മ്മാണത്തിന്‍റെ ഭാഗമായി തീരശോഷണമുണ്ടാകുന്നു എന്ന വാദവും അടിസ്ഥാനരഹിതമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായാണ് കാണുന്നത്. ഇതില്‍ ചിലത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളവയും ചിലത് അടിയന്തിരമായി പരഗിണിക്കേണ്ടവയുമാണ്. എന്നാല്‍ ഒരു വിഭാഗം കഴിഞ്ഞ കുറച്ചു നാളുകളായി പ്രധാനമായും ഏഴ് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നിലും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്തിന്‍റെ പരിസരത്തും സമരം നടത്തി വരികയാണ്. അവര്‍ ഉന്നയിച്ച ഏഴ് പ്രധാന ആവശ്യങ്ങളില്‍ ഭൂരിഭാഗത്തിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. എന്നാല്‍ തുറമുഖത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തോട് സര്‍ക്കാരിന് യോജിക്കാന്‍ കഴിയുകയില്ല
Post a Comment